Spread the love

ജോലിയും കുടുംബവും കുട്ടികളും പഠനവുമായി തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരോടെല്ലാം എന്താണ് ആഗ്രഹിക്കുന്ന ആഡംബരം എന്ന് ചോദിച്ചാൽ മിക്കവരുടെയും ഉത്തരം ഒന്നാണ്. മനസമാധാനത്തോടെയുള്ള ഉറക്കം. ലോകത്തിലെ ഏറ്റവും വലിയ ഭാ​ഗ്യമതാണെന്ന് ആണ് ചിലരുടെ അഭിപ്രായം. മാനസിക സമ്മർദ്ദവും അമിത ജോലിഭാരവും കാരണം പലർക്കും നല്ല ഉറക്കം കുറയുകയാണ്.

ഇന്നത്തെ കാലഘട്ടത്തിൽ ഉറക്കം കളയുന്നതിന്റെ പ്രധാന വില്ലനാണ് മൊബൈൽ ഫോൺ. അമിതമായി മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നവരാണ് ഉറക്കമില്ലായ്മ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ഉറക്കമില്ലാത്തത് എന്തെങ്കിലും അസുഖമാണോ എന്ന് ആലോചിച്ച് ടെൻഷനാകുന്നവരും ഡോക്ടറെ സമീപിക്കുന്നവരും ഇതിന്റെ യഥാർത്ഥ കാരണങ്ങൾ അന്വേഷിക്കാറില്ല.

നല്ല ഉറക്കം കിട്ടാൻ വേണ്ടി ആദ്യം ചെയ്യേണ്ടത് മൊബൈൽ ഫോൺ ബെഡ്റൂമിൽ കൊണ്ടുവരാതിരിക്കുക എന്നതാണ്. പുലർച്ചെ വരെ മൊബൈൽ ഫോൺ നോക്കുന്നവർക്ക് തലച്ചോറിന് നിരവധി പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം കണ്ണുകൾ കുഴിയാനും തലവേദനയ്‌ക്കും കാരണമാകുന്നു.

രാത്രി 11 മണി മുതൽ ആറ് മണി വരെ തലച്ചോറിൽ മെലാറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിക്കപ്പെടുന്നു. എന്നാൽ വെളിച്ചത്തിന്റെ (മൊബൈൽ ലൈറ്റ്, ബൾബിന്റെ വെളിച്ചം) സാന്നിധ്യമുണ്ടെങ്കിൽ, അത് ഒരിക്കലും നടക്കാതെ വരും. ഇങ്ങനെയുള്ളവർക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. മറ്റുള്ളവരോട് സംസാരിക്കുന്നതിലും പെരുമാറുന്നതിലും ഇത് പ്രകടമായി വരും. പെട്ടെന്നുണ്ടാകുന്ന ദേഷ്യം, വിഷമം എന്നിവയുടെ പ്രധാന കാരണവും ഉറക്കമില്ലായ്മ എന്നാണ് ചില പഠനങ്ങൾ പറയുന്നത്.

ചർമ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ശ്രദ്ധിക്കുന്നവർ കൃത്യമായി ഉറങ്ങാനും ശ്രദ്ധിക്കണം. ഏഴ്, എട്ട് മണിക്കൂർ ഉറങ്ങണമെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും അത് പ്രാവർത്തികമാക്കുന്നവർ കുറവായിരിക്കും. ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് മൊബൈൽ മാറ്റിവയ്‌ക്കുക, പാട്ട് കേൾക്കുക, മധുരമുള്ള ഭക്ഷണങ്ങൾ ഉറങ്ങുന്നതിന് മുമ്പ് കഴിക്കാതിരിക്കുക, ഉറങ്ങുന്നതിന് മുമ്പ് ചായ, കാപ്പി എന്നിവ കുടിക്കുന്നത് പൂർണമായും ഒഴിവാക്കുക എന്നിവ ശ്രദ്ധിച്ചാൽ നല്ല ഉറക്കം കിട്ടും.

Leave a Reply