ശ്വാസകോശ സംബന്ധമായ അര്‍ബുദത്തിന് സാമ്പ്രദായിക ചികിത്സകള്‍ നിരാകരിച്ച് കഞ്ചാവുചെടിയിൽ നിന്ന് നിര്‍മ്മിക്കുന്ന എണ്ണ (‘സിബിഡി’) ഉപയോഗിച്ച എണ്‍പതാം വയസ്സിലൊരു മുത്തശ്ശി. കഞ്ചാവെണ്ണ ഉപയോഗിച്ച് നടത്തിയ ചികിത്സയ്ക്കൊടുവിൽ അവരുടെ അര്‍ബുദ മുഴകള്‍ ചുരുങ്ങിയതായി ബിഎംജെ കേസ് റിപ്പോര്‍ട്ട്‌സ് എന്ന ജേർണലിൽ യു കെയിലെ വാറ്റ്‌ഫോഡ് ജനറല്‍ ആശുപത്രിയിലെ റെസ്പിരേറ്ററി വിഭാഗം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ശ്വാസകോശ സംബന്ധമായ ചികിത്സകളില്‍ സിബിഡിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു.
2018ലാണ് സ്ഥിരമായി പുകവലിച്ചിരുന്ന ഇവരില്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്തിയത്. 41 മില്ലീമീറ്റര്‍ വലുപ്പമുള്ള മുഴയാണ് അർബുദത്തിന് കാരണമായത്. നേരിയ തോതില്‍ ക്രോണിക്ക് ഒബ്‌സ്ട്രക്ടീവ് പള്‍മോണറി ഡിസീസ് അഥവാ സിപിഓഡിയും, മുട്ടിന് തേയ്മാനവും, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും അവർക്ക് ഉണ്ടായിരുന്നു. അര്‍ബുദ മുഴ മറ്റ് സ്ഥലങ്ങളിലേക്ക് ഒട്ടും വ്യാപിച്ചിരുന്നില്ല.
അതിനാല്‍ തന്നെ ശസ്ത്രക്രിയയോ കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയ ചികിത്സകളോ ചെയ്യുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാൽ, ഈ ചികിത്സകളെല്ലാം നിരാകരിച്ചു, സിബിഡി എണ്ണ ഉപയോഗിച്ച് സ്വയം ചികിത്സ ആരംഭിച്ചു. 2018 ജൂണില്‍ 41 മില്ലീമീറ്റര്‍ ആയിരുന്ന മുഴ 2021 ഫെബ്രുവരി ആയപ്പോഴേക്കും 10 മില്ലീമീറ്റര്‍ ആയി കുറയുകയായിരുന്നു. എണ്ണ കഴിച്ച് തുടങ്ങിയപ്പോള്‍ തനിക്ക് വിശപ്പ് കുറഞ്ഞതായി ചൂണ്ടിക്കാട്ടിയ ഇവര്‍ മറ്റ് ‘പാര്‍ശ്വഫലങ്ങള്‍’ ഒന്നും ഉണ്ടായിരുന്നില്ല എന്നും വ്യക്തമാക്കി.
ഇതുവരെ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു. കൂടാതെ സിബിഡി എണ്ണയിലെ ഏത് ചേരുവയാണ് അർബുദം കുറയ്ക്കാൻ സഹായകമായതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇക്കാര്യം സ്ഥീരീകരിക്കാന്‍ കടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്