Spread the love

മലയാറ്റൂർ∙ പുഴ കടന്നെത്തുന്ന കാട്ടാനക്കൂട്ടം പതിവ് കാഴ്ചയായി. മലയാറ്റൂരിനടുത്ത് വിനോദ സഞ്ചാര കേന്ദ്രമായ മുളങ്കുഴി മഹാഗണിത്തോട്ടത്തിന് അടുത്തു പെരിയാർ കുറുകെ കടന്നാണ് കാട്ടാനക്കൂട്ടം വരുന്നത്. പാണംകുഴി വന ഭാഗത്തു നിന്നു മുളങ്കുഴി വന ഭാഗത്തേക്കും തിരിച്ചും കാട്ടാനക്കൂട്ടം പോകുന്നത് പലരും കണ്ടിട്ടുണ്ട്. കുട്ടിയാനകൾ ഉൾപ്പെടെ ഇരുപതോളം ആനകൾ ഈ യാത്ര സംഘത്തിൽ ഉണ്ടാകാറുണ്ട്. മിക്കവാറും ഉച്ച സമയത്താണ് ഇവരുടെ പുഴ കടന്നുള്ള സഞ്ചാരം.

വനാതിർത്തിയിലുള്ള മഹാഗണിത്തോട്ടം‍ ധാരാളം വിനോദ സഞ്ചാരികൾ ദിവസവും എത്തുന്ന സ്ഥലമാണ്. പലരും പുഴയിൽ കുളിക്കാനും ഇറങ്ങാറുണ്ട്. ഈ ഭാഗത്തു നിന്ന് അൽപം കിഴക്കോട്ടു മാറിയാണ് കാട്ടാനകളുടെ യാത്ര. അടിയിൽ പാറക്കെട്ടുകൾ ആയതിനാൽ ഇവിടെ പുഴയ്ക്ക് ആഴം കുറവാണ്. കാട്ടിൽ നിന്നു കാട്ടിലേക്കാണ് ഇവ നടന്നു കയറുന്നതെങ്കിലും ഇടയ്ക്ക് നാട്ടിലേക്ക് ഇറങ്ങി ഇവ നാശനഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട്.

കഴിഞ്ഞ ദിവസം മുളങ്കുഴിക്കടുത്ത് ഇല്ലിത്തോട് അഞ്ചാം ബ്ലോക്കിൽ സ്വകാര്യ പറമ്പിലെ കിണറ്റിൽ ഒരു കാട്ടാനക്കുട്ടി വീണു. വനപാലകർ‍ ഏറെ ശ്രമത്തിനു ശേഷമാണ് കാട്ടാനക്കുട്ടിയെ കരയ്ക്കു കയറ്റി കാട്ടിലേക്ക് തിരികെ വിട്ടത്. മുൻ കാലങ്ങളിൽ കാട്ടാനകൾ വേനൽ കനക്കുമ്പോൾ കാടിറങ്ങി വന്ന് പുഴയിൽ നിന്നു വെള്ളം കുടിച്ച് കാട്ടിലേക്കു തന്നെ മടങ്ങുമായിരുന്നു.

കൂടുതലും ഏപ്രിൽ, മേയ് മാസങ്ങളിലും രാത്രിയിലുമാണ് കാട്ടാനകൾ കാടിറങ്ങിയിരുന്നത്. ഇപ്പോൾ രാപകൽ ഭേദമില്ലാതെ കാട്ടാനകൾ കാടിറങ്ങി വരുന്നത് പതിവായി. കാട്ടിൽ ചൂട് കൂടിയതും ജലസ്രോതസ്സുകൾ ഇല്ലാതായതും കാട്ടാനകൾ പതിവായി നാട്ടിലേക്ക് എത്തുന്നതെന്നതിന് കാരണമാകുന്നതായി നാട്ടുകാർ അറിയിച്ചു. കൂടാതെ വനത്തിൽ നശിച്ചു പോയ മരങ്ങൾക്കു പകരം വ‍നം വകുപ്പ് പുതിയ മര തൈകൾ വച്ചു പിടിപ്പിച്ചത് കാട്ടാനകൾ കളയാതിരിക്കാൻ വേലി കെട്ടി തിരിച്ചിരിക്കുകയാണ്. ഇതു കാരണം ആനകളുടെ സഞ്ചാര സ്ഥലം കുറഞ്ഞു.

Leave a Reply