ബെംഗളൂരു∙ സ്കൂൾ വളപ്പിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ മലയാളിയായ 4 വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഐടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫ്–ബിനീറ്റ ദമ്പതികളുടെ മകൾ ജിയന ആൻ ജിറ്റോയ്ക്കാണു പരുക്കേറ്റത്.
ഹെബ്ബാളിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടിയുടെ ജീവൻ ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് പരാതി കൊടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീ സ്കൂളിൽ കളിക്കുന്നതിനിടെ കുട്ടി ചുമരിൽ തലയടിച്ച് വീണെന്നാണ് സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചത്.
ഇവർ സ്കൂളിൽ എത്തിയപ്പോഴേക്കും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഉയരത്തിൽ നിന്ന് വീണപ്പോഴുള്ള മാരകമായ പരുക്കുകളാണ് കുട്ടിയുടെ ദേഹത്തുള്ളതെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. രണ്ടാം നിലയിലെ ടെറസിൽ നിന്ന് താഴേക്ക് വീണതായി സംശയിക്കുന്നെന്നും പരാതിയിൽ പറയുന്നു.
സ്കൂളിലെ ക്യാമറ പ്രവർത്തിക്കാത്തതിനാൽ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ചങ്ങനാശേരി സ്വദേശി തോമസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.