ന്യൂഡല്‍ഹി: കേരളത്തില്‍ ജനസാന്ദ്രതയുള്ളതും ജനങ്ങള്‍ ഏറെ ട്രെയിന്‍ സര്‍വീസിനെ ആശ്രയിക്കുകയും ചെയ്യുന്ന മലപ്പുറം ജില്ലയിലെ തിരൂരില്‍ ‘വന്ദേ ഭാരത്’ ട്രെയിനിന് സ്റ്റോപ്പിനായി മലയാളി അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി.ത ന്‍റെ ഹരജി കേരള ഹൈകോടതി തള്ളിയതിനെതിരെ തുടര്‍ന്ന് അഡ്വ. പി.ടി ഷീജിഷ് ആണ് ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിലെത്തിയത്.
മലപ്പുറം ജില്ലക്ക് ആദ്യം സ്റ്റോപ്പ് അനുവദിച്ച് പിന്നീട് രാഷ്ട്രീയകാരണങ്ങളാല്‍ ഇല്ലാതാക്കിയെന്നും അത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും അഡ്വ. ശ്രീരാം പി മുഖേനെ സമര്‍പ്പിച്ച ഹരജിയില്‍ കുറ്റപ്പെടുത്തി. തിരൂരില്‍ സ്റ്റോപ്പ് റദ്ദാക്കി പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരില്‍ അനുവദിച്ചുവെന്ന് ഹരജിയിലുണ്ട്.
2011ലെ സെന്‍സസ് പ്രകാരം മലപ്പുറം, പാലക്കാട് ജില്ലകളിലെ ജനസംഖ്യാ കണക്ക് വെച്ച ഹരജിയില്‍, തിരൂരില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയുള്ള ഷൊര്‍ണൂരില്‍ പോയി മലപ്പുറത്തുള്ളവര്‍ക്ക് ട്രെയിന്‍ കയറാനാവില്ലെന്ന് ബോധിപ്പിച്ചു.
ഇതില്‍ പൊതുതാല്‍പര്യമില്ലെന്നും ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കേണ്ടത് റെയില്‍വെ ആണെന്നും അത്തരമൊരാവശ്യം ഉന്നയിക്കാന്‍ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഹൈകോടതിയിലെ ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, സി. ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ച് കഴിഞ്ഞ മാസം 28ന് അഡ്വ. ഷിജീഷിന്റെ ഹരജി തള്ളിയത്. ജനങ്ങള്‍ ചോദിക്കുന്നതിനനുസരിച്ച് സ്റ്റോപ്പ് അനുവദിച്ചാല്‍ എക്സ്പ്രസ് ട്രെയിന്‍ എന്ന പേര് അനുചിതമാകുമെന്നും ഹൈകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.