Spread the love

ചെന്നൈ ∙ ചന്ദ്രയാൻ–3 ചന്ദ്രനിൽ ഇറങ്ങുന്നതു കാണാനായി നിമിഷങ്ങളെണ്ണി ഇന്ത്യ കാത്തിരിക്കെ, ട്രോളുമായി നടൻ പ്രകാശ് രാജ്. രാഷ്ട്രീയ പരിഹാസങ്ങളെ ദേശീയ വിഷയങ്ങളുമായി ബന്ധപ്പെടുത്തരുത് എന്നതടക്കം കടുത്ത വിമർശനമാണു പ്രകാശ് രാജിനെതിരെ ഉയരുന്നത്.ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽനിന്ന് വിക്രം ലാൻഡർ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പോടെ, മുണ്ട് മടക്കിക്കുത്തി ഷർട്ട് ഇട്ടൊരാൾ ചായ അടിക്കുന്ന ചിത്രമാണു പ്രകാശ് രാജ് സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) പങ്കുവച്ചത്. ഐഎസ്‍ആർഒയെയും ശാസ്ത്രജ്ഞരെയും അവരുടെ ആത്മസമർപ്പണത്തെയും പരിഹസിച്ചെന്നാരോപിച്ച് വിമർശനവുമായി ആളുകൾ രംഗത്തെത്തി.

‘പ്രകാശ്–ജി, ചന്ദ്രയാൻ മിഷൻ ഐഎസ്ആർഒയുടെ ആണ്, അല്ലാതെ ബിജെപിയുടെ അല്ല. ദൗത്യം വിജയിച്ചാൽ അത് ഇന്ത്യയ്ക്കുള്ളതാണ്. അല്ലാതെ ഏതെങ്കിലും പാർട്ടിക്കുള്ളതല്ല. എന്തിനാണ് ചന്ദ്രയാൻ പരാജയപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്’– ഒരാൾ ചോദിച്ചു. ‘ഇത് അനാവശ്യമാണ്. മഞ്ഞിനേക്കാൾ വേഗത്തിലാണ് നിങ്ങൾ ഉരുകുന്നത്. വേഗത്തിൽ ഭേദമാകട്ടെ എന്ന് ആശംസിക്കുന്നു’– മറ്റൊരാൾ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തനായ വിമർശകനാണ് പ്രകാശ് രാജ്. ചെറുപ്പത്തിൽ ചായ വിറ്റിട്ടുണ്ടെന്ന മോദിയുടെ പരാമർശമാണ് പ്രകാശ് രാജിന്റെ പോസ്റ്റിനാധാരം എന്ന മട്ടിലാണു വിമർശനം. ‘ചന്ദ്രനിൽ ചായക്കടയിട്ട മലയാളി’ എന്ന തമാശക്കഥ ഉദ്ദേശിച്ചാണോ, നിരവധി മലയാളം സിനിമകളിലെ സാന്നിധ്യമായ പ്രകാശ് രാജ് ഇങ്ങനെ പോസ്റ്റിട്ടതെന്ന സംശയവുമുയരുന്നുണ്ട്.

Leave a Reply