
കുറുപ്പംപടി : അകനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളോടെയുള്ള തിയറ്റർ സജ്ജമായി.28ന് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മിനി തിയറ്റർ ഉദ്ഘാടനം ചെയ്യും. 60 പേർക്ക് ഇരിക്കാൻ കഴിയും.
പൂർണമായി ശീതീകരിച്ച തിയറ്ററിൽ വലിയ സ്ക്രീനും വൈഫൈ സംവിധാനത്തോടു കൂടിയ എൽഇഡി പ്രോജക്ടറുമാണുള്ളത്. ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് കലക്ടറുടെ നേത്യത്വത്തിൽ നടപ്പാക്കിയ ജ്യോതി പദ്ധതിയുടെ ഭാഗമായി 9 വർഷം മുൻപ് അകനാട് സ്കൂളിൽ തയാറാക്കിയ മിനി തിയറ്ററിന്റെ ഉദ്ഘാടനത്തിന് മുൻപ് മോഷണം നടക്കുകയും തിയറ്റർ പ്രവർത്തന യോഗ്യമല്ലാതാകുകയും ചെയ്തിരുന്നു.
സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥികളും രക്ഷാകർത്താക്കളുമെല്ലാം പിടിഎയുടെ നേതൃത്വത്തിൽ മിനി തിയറ്റർ സജ്ജമാക്കുകയായിരുന്നു. വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ദേശീയോദ്ഗ്രഥനം, ചരിത്രം, ബോധവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട് സിനിമകളും ഹ്രസ്വ ചിത്രങ്ങളും, ഡോക്യുമെന്ററികളും ആസ്വദിക്കുന്നതിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യമാണ് മിനി തിയറ്റർ സജ്ജമാകുന്നതിലുടെ യാഥാർഥ്യമാകുന്നതെന്നു ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, പ്രിൻസിപ്പൽ യു.സിന്ധു, പ്രധാനാധ്യാപിക എം.ആർ.ബോബി, പിടിഎ പ്രസിഡന്റ് എം.പി.പുരുഷൻ എന്നിവർ പറഞ്ഞു. സുവർണ ജൂബിലി ആഘോഷങ്ങൾ 28 ന് 5ന് ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്യും.