ബെംഗളുരു∙ കർണാടകയിൽ മിശ്രവിവാഹിതരായ ദമ്പതികളെ ഹോട്ടൽമുറിയിലെത്തി സംഘം ചേർന്ന് ആക്രമിച്ചു. ആറുപേരുടെ സംഘമാണ് ആക്രമിച്ചത്. സംഘം തന്നെ സംഭവത്തിന്റെ വിഡിയോ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ഹവേരി ജില്ലയിലെ ഹനഗൽ താലൂക്കിലാണു സംഭവം. ലോഡ്ജ് മുറിയുടെ മുൻവശത്ത് ആറുപേർ കാത്തുനിൽക്കുന്നതിൽനിന്നാണ് വിഡിയോ തുടങ്ങുന്നത്. അക്രമികൾ മുറിയുടെ വാതിലിൽ തട്ടിയപ്പോൾ ഒരു പുരുഷൻ വാതിൽ തുറന്നു. ഉടൻ തന്നെ മുറിയിലേക്ക് ആറുപേരും അതിക്രമിച്ചു കയറി. ഈ സമയം ബുർഖ ധരിച്ച സ്ത്രീ മുഖം മറയ്ക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.
അക്രമികളായ പുരുഷന്മാർ സ്ത്രീയെ ക്രൂരമായി മർദിക്കുകയും മർദനത്തെ തുടർന്ന് അവർ താഴെ വീഴുകയും ചെയ്തു. താഴെവീണ സ്ത്രീയെ അക്രമികൾ നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുന്നുണ്ട്. മുറിയിൽനിന്ന് പുറത്തിറങ്ങിയ ഹിജാബ് ധരിച്ച യുവതി മുഖം മറയ്ക്കാൻ ശ്രമിക്കുമ്പോള്‍ അക്രമികളിൽ ഒരാൾ അതിന് അനുവദിക്കാതെ മൊബൈൽ ഫോണിൽ അവരുടെ വിഡിയോ പകർത്താൻ ശ്രമിക്കുന്ന മറ്റൊരു വിഡിയോയും പ്രചരിച്ചു. ദമ്പതികൾ ഹനഗൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.