കൽപറ്റ∙ പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിവിഎസ്‍സി വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ആൾക്കൂട്ട വിചാരണ നടന്നെന്നു പൊലീസ് പറഞ്ഞു. ഹോസ്റ്റലിലെ സഹപാഠികളാണു വിചാരണ നടത്തിയതെന്നു കൽപറ്റ ഡിവൈഎസ്പി ടി.എൻ.സജീവ് പറയുന്നു. വിചാരണയ്ക്കു നേതൃത്വം നൽകിയ 12 പേരിൽ ഒരാളാണു പാലക്കാട്ടുനിന്ന് പിടിയിലായ അഖിലെന്നും ഡിവൈഎസ്പി പറഞ്ഞു.
‘‘പാലക്കാട്ടുനിന്നു കസ്റ്റഡിയിൽ എടുത്ത അഖിലിനെ ചോദ്യം ചെയ്തു വരികയാണ്. അയാൾ സംഭവത്തിൽ നേരിട്ടു പങ്കെടുത്ത ആളാണ് എന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കി വരുന്നതേയുള്ളൂ. പട്ടികയിൽ ഉൾപ്പെട്ട 11 പേരെയാണ് ഇനി കിട്ടാനുള്ളത്’’– ഡിവൈഎസ്പി പറഞ്ഞു.
തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ(20) ഈ മാസം 18നാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥൻ ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണു മരിച്ചത്. ഈ മാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു. സംഭവത്തിൽ ഒളിവിൽ പോയ പ്രതികളിൽ മുഖ്യപ്രതി അഖിലിനെയാണു പാലക്കാട്ടുനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുൾപ്പെടെ 18 പേരാണ് പ്രതികൾ. ഇതിൽ അഖിലിനെ കൂടാതെ ആറു പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.