Spread the love

കോഴിക്കോട്∙ ബെംഗളൂരുവിനും കണ്ണൂരിനുമിടയിൽ‌ മംഗളൂരു വഴി സർവീസ് നടത്തുന്ന 16511/12 ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാൻ തീരുമാനമെടുത്ത് ജനുവരി 30ന് റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടർ വിവേക് കുമാർ സിൻഹ ഒപ്പുവച്ചിറക്കിയ ഉത്തരവിൽ രണ്ടു കാര്യങ്ങൾ പ്രത്യേകം അറിയിച്ചിരുന്നു. ഒന്ന്: കോഴിക്കോട്ടേക്കു ദീർഘിപ്പിച്ച ഈ സർവീസ് എത്രയും വേഗം സൗകര്യപ്രദമായൊരു ദിവസം തുടങ്ങുക, രണ്ട്: വിഷയം ഗൗരവതരം. എന്നാൽ, മാസമൊന്നു കഴിഞ്ഞിട്ടും ഈ ഉത്തരവിനു പുല്ലുവില. ബോർഡ് എടുത്ത തീരുമാനം നടപ്പാക്കാനാകാതെ റെയിൽവേ അലസമായി നീങ്ങുന്നു. കർണാടകയിൽ നിന്നു ബിജെപി ഉയർത്തിയ എതിർപ്പാണു സർവീസ് തുടങ്ങാൻ തടസ്സം. അതു നീക്കി കോഴിക്കോട്ടു നിന്ന് എന്നു സർവീസ് തുടങ്ങാനിരിക്കുന്ന കാര്യത്തിൽ ആർക്കും ഒരുറപ്പും പറയാനാകുന്നുമില്ല.

ഈ ട്രെയിൻ ആരംഭിക്കുന്നതും സർവീസ് അവസാനിപ്പിക്കുന്നതും രണ്ടു വ്യത്യസ്ത റെയിൽവേ ഡിവിഷനുകളിലായതിനാൽ ഏറെ ചർച്ചകൾക്കൊടുവിലാണു കോഴിക്കോട്ടേക്കു ദീർഘിപ്പിക്കാൻ തീരുമാനമെടുത്തത്. 16511 നമ്പർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് ദിവസേന രാത്രി 9.35 ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാവിലെ 10.55 ന് കണ്ണൂരിലും ഉച്ചയ്ക്ക് 12.40 ന് കോഴിക്കോട്ടും എത്തുന്ന തരത്തിലായിരുന്നു പുതിയ സമയക്രമം. 16512 നമ്പർ കോഴിക്കോട്–ബെംഗളൂരു എക്സ്പ്രസ് ദിവസേന വൈകിട്ടു 3.30 ന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് 5ന് കണ്ണൂരിലെത്തി പിറ്റേന്ന് രാവിലെ 6.35ന് ബെംഗളൂരുവിൽ എത്തുന്ന തരത്തിൽ പുനക്രമീകരിക്കാനും വിചാരിച്ചിരുന്നു. ആ തീരുമാനമാണു മാസമൊന്നു പിന്നിട്ടിട്ടും റെയിൽ‌വേ നടപ്പാക്കാതിരിക്കുന്നത്. കേരളത്തിലെ റെയിൽവേ ഡിവിഷൻ ആസ്ഥാനത്തെ ഉന്നതർ മുതൽ, വിഷയത്തിൽ ഇടപെട്ട ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും വരെ പറയുന്നത് ദീർഘിപ്പിച്ച സർവീസ് വരും, വരാതിരിക്കില്ല എന്നാണ്.

എന്നാൽ, കർണാടകയിൽ ഒരു വിഭാഗം രാഷ്ട്രീയക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നിഷേധാത്മക നിലപാടു മൂലം സർവീസ് നീട്ടാനാകാതെ പ്രതിസന്ധിയിലാണ് റെയിൽവേ എന്ന് പറയുന്നു. ബിജെപി എംപി നളിൻകുമാർ ‍കാട്ടീൽ റെയിൽവേ മന്ത്രിയെ നേരിൽക്കണ്ടും നിവേദനമയച്ചും രേഖപ്പെടുത്തിയ പ്രതിഷേധമാണ് ഇപ്പോൾ‌ ദീർഘിപ്പിച്ച സർവീസ് ആരംഭിക്കുന്നതിൽ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു കൂടി വരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ സമ്മർദത്തിനുമേൽ റെയിൽവേ മറിച്ചൊരു തീരുമാനമെടുക്കില്ലെന്നും പറയുന്നു. തൽക്കാലം ബെംഗളൂരു ട്രെയിൻ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുമെന്നു ചുരുക്കം.

‘‘ട്രെയിൻ വൈകാതെ സർവീസ് തുടങ്ങുമെന്ന മറുപടിയാണു ഞാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥതലങ്ങളിൽ നിന്നെല്ലാം ലഭിക്കുന്നത്. ലാഭകരമാണെന്നും നടപ്പാക്കുമെന്നും തന്നെയാണ് അവരുടെ നിലപാടും. ഇതിനെതിരായ സമ്മർദം കടുത്തതാണെന്ന് അറിയാം. എങ്കിലും വൈകാതെ വരുമെന്നു തന്നെയാണു പ്രതീക്ഷ.’’–എം.കെ.രാഘവൻ എംപി
‘‘ട്രെയിൻ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കാനെടുത്ത തീരുമാനം നടപ്പാക്കുന്നതിൽ തടസ്സമൊന്നുമില്ല. കോഴിക്കോട്ടേക്കു ദീർഘിപ്പിക്കുന്നതിനെതിരായ വാദങ്ങൾ ശരിയല്ലെന്ന് റെയിൽ‍വേ അധികൃതരെ പാർട്ടി ബോധ്യപ്പെടുത്തിയിട്ടുണ്ട്. തീരുമാനം നടപ്പാക്കിക്കിട്ടാൻ ബിജെപി പിന്നാലെത്തന്നെയുണ്ട്. പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ശ്രമങ്ങൾ തുടരും.’’–വി.കെ.സജീവൻ, (ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ്)

‘‘കേരളത്തിൽ നിന്നു ട്രെയിനുകൾ കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും ദീർഘിപ്പിക്കുമ്പോൾ അതിനെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഏതെങ്കിലുമൊരു ട്രെയിൻ കേരളത്തിലേക്ക് ദീർഘിപ്പിക്കുന്നതിനെ എതിർക്കുന്നത്. 16347 കണ്ണൂർ–തിരുവനന്തപുരം എക്സ്പ്രസ് ആണ് പിന്നീട് മംഗളൂരുവിലേക്കും നാഗർകോവിലിലേക്കും ദീർഘിപ്പിച്ചത്. ഇന്റർസിറ്റി എക്സ്പ്രസ് മംഗളൂരുവിലേക്ക് ദീർഘിപ്പിച്ചതും വിയോജിപ്പില്ലാതെയായിരുന്നു . അതേസമയം പാലക്കാട്ടേക്കോ കോഴിക്കോട്ടേക്കോ ട്രെയിനുകൾ ദീർഘിപ്പിക്കാൻ തീരുമാനമെടുത്താലും നടപ്പാകുന്നില്ല. ഇതു സംബന്ധിച്ച് മുഴുവൻ എംപിമാർക്കും മന്ത്രിമാർക്കും നിവേദനമയച്ചിട്ടും ഫലമുണ്ടായിട്ടില്ല. കേരളത്തിലെ 2 ഡിവിഷനുകളിൽ നിന്ന് സ്ഥലം കൈക്കലാക്കി സ്വന്തം ഡിവിഷനുകൾ രൂപവൽക്കരിച്ച് കേരളത്തെ ഒരൊറ്റ റെയിൽേവ ഡിവിഷനിലേക്കു ചുരുക്കാൻ ഇരുസംസ്ഥാനങ്ങളും നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗംകൂടിയാണ് ഇത്തരം എതിർപ്പുകൾ.’’– സി.ഇ.ചാക്കുണ്ണി, (ചെയർമാൻ, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ റെയിൽ യൂസേഴ്സ് അസോസിയേഷൻ)
ഉത്തരവും കാത്ത് കോഴിക്കോട് സ്റ്റേഷൻ
16511/12 ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടുന്നതു സംബന്ധിച്ച് കോഴിക്കോട് സ്റ്റേഷനിൽ ഇനിയും അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. ഈ ട്രെയിൻ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനമെടുക്കും മുൻപു കോഴിക്കോട് സ്റ്റേഷൻ അധികൃതരോട് സാധ്യതയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. പുതിയ ട്രെയിൻ നിർത്തിയിടാൻ സൗകര്യമുണ്ടെന്നും മറ്റുമുള്ള ഉറപ്പു ലഭിച്ചശേഷമാണ് ദീർഘിപ്പിക്കാൻ തീരുമാനമെടുത്തത്. എന്നാൽ ദീർഘിപ്പിച്ച, ഉത്തരവിറക്കി മാസമൊന്നു കഴിഞ്ഞിട്ടും തുടർ വിവരങ്ങളൊന്നും ഇങ്ങോട്ടെത്തിയിട്ടില്ല.

Leave a Reply