Spread the love
കർക്കിടകം ഒന്ന്: രാമായണത്തിന്‍റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു

രാമായണത്തിന്‍റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു. ലക്ഷ്യം മോക്ഷവും കര്‍മ്മങ്ങള്‍ ഉപായങ്ങളും. ഈ ഹൈന്ദവാദര്‍ശം വിളങ്ങി നില്‍ക്കുന്ന മഹാകാവ്യമാണ് രാമായണം. ആദികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമായണത്തിന് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ജനമനസ്സിനെ രഞ്ജിപ്പിക്കാനും ആത്മസംതൃപ്തി നല്‍കാനുമുള്ള അഭൗമ ശക്തിയുണ്ടെന്നതിന് തെളിവാണ് കര്‍ക്കടസന്ധ്യകളില്‍ ഹൈന്ദവഭവനങ്ങളില്‍ നിന്നുയരുന്ന രാമായണ ശീലുകള്‍.

പൗരാണികകാലം മുതല്‍തന്നെ ഹിന്ദുക്കള്‍ രാമായണപരായണത്തിന്‌ അതീവ പ്രാധാന്യവും വൈശിഷ്ട്യവും കല്‍പ്പിച്ചു പോരുന്നു. ബാലകാണ്ഡം, അയോദ്ധ്യ കാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം,യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴ്‌ കാണ്ഡങ്ങളിലായി 24000 ശ്ലോകങ്ങളാണ്‌ വാല്‍മീകി രാമായണത്തിലുള്ളത്‌. ഈ ശ്ലോകങ്ങളില്‍ ഗായത്രിമന്ത്രം തുടര്‍ച്ചയായി വിന്യസിക്കപ്പെട്ടിട്ടുണ്ട്‌ എന്നാണ്‌ പണ്ഡിതമതം. അതുകൊണ്ടുതന്നെ രാമായണപാരായണം പല ദോഷപരിഹാരങ്ങള്‍ക്കും അത്യുത്തമമായി കരുതിവരുന്നു.

മഹാവിഷ്ണുവിന്റെ മനുഷ്യാവതാരമായ ശ്രീരാമചന്ദ്രന്റെ കഥയാണ്ശ്രീരാമായണം. അത്യന്തം സങ്കീര്‍ണമായ കഥയെ പ്രതീകാത്മകമായ കഥാപാത്രങ്ങളിലൂടെ സമൂഹത്തിനു നേരെ പ്രതിഷ്ഠിച്ചിരിക്കുകയാണ് ആദികവി രാമായണത്തിലൂടെ. രാമായണം ജീവിതത്തെ പ്രചോദിപ്പിക്കുന്നുണ്ട്. ഒരോ മനുഷ്യനും വെവ്വേറെ ജീവിതരീതിയിലൂടെയുള്ള ധര്‍മ്മ പരിപാലന മാര്‍ഗങ്ങളുണ്ട്. ശരിയായ ധര്‍മ്മപരിപാലനത്തിനിടയിലെ വിഘ്‌നങ്ങള്‍ സ്വാഭാവികമാണെന്നും ആത്യന്തികമായ വിജയം ധര്‍മ്മ പരിപാലനത്തിനാണെന്നുമാണ് രാമായണം ഉദ്‌ഘോഷിക്കുന്നത്.

പാരായണത്തിനപ്പുറം മനസ്സിന്‍റെ പരിവർത്തനം ലക്ഷ്യമാക്കുന്നു രാമായണ മാസാചരണം. ആത്മീയമായ ആനന്ദത്തിന്‍റെ ആ നാളുകളിലേക്ക് ഉണരുകയാണ് മനസ്സും ശരീരവും ഒരിക്കൽ കൂടി.

Leave a Reply