ചലച്ചിത്ര മേഖലയിൽ നിന്ന് തനിക്കുണ്ടായ അനുഭവങ്ങൾ എന്താണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി നിത്യാ മേനൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻഡിടിവി നടത്തിയ അഭിമുഖത്തിലാണ് നിത്യ നിലപാടും അനുഭവവും തുറന്നുപറഞ്ഞത്. തനിക്ക് ഒരിടവും അരക്ഷിതമായി തോന്നിയിട്ടില്ലെന്നും നിങ്ങളായിരിക്കണം നിങ്ങളെ എങ്ങനെ പരിഗണിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും നിത്യ പറഞ്ഞു.
എനിക്ക് ഒരിക്കലും എവിടെയും അരക്ഷിതാവസ്ഥയുണ്ടായിട്ടില്ല. ആരും നിങ്ങളെ അക്രമിക്കാൻ വരില്ല. സത്യത്തിൽ സിനിമ സെറ്റുകളിൽ നിങ്ങൾ പൂർണ സുരക്ഷതിരായിരിക്കും കാരണം ചുറ്റും ഒരുപാട് ആൾക്കാരുണ്ടല്ലോ. നിറയെ പുരുഷന്മാരും സ്ത്രീകളുമുണ്ടാകും. ഞാൻ തുടങ്ങുമ്പോൾ പരിമിതമായ സ്ത്രീകൾ മാത്രമാണ് സെറ്റിലുണ്ടായിരുന്നത്. മിക്കപ്പോഴും ഒരാൾ, അത് നിങ്ങളുടെ ഹെയർസ്റ്റൈലിസ്റ്റാകും. അല്ലാതെ മറ്റാരുമുണ്ടാകില്ല. പക്ഷേ ഇന്ന് സെറ്റുകളിൽ നിരവധി സ്ത്രീകളെ കാണാനാകുന്നത് സന്തോഷം നൽകുന്നു.
ഒരാളും നിങ്ങളെ ആക്രമിക്കാൻ പോകുന്നില്ല. ഒരിടത്ത് എങ്ങനെ പരിഗണിക്കപ്പെടണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാനാകും. നിങ്ങൾക്ക് അത് വളരെ വ്യക്തമാക്കാം. ചിലപ്പോൾ അത് നന്നായി സ്വീകരിക്കപ്പെടില്ലായിരിക്കാം,പക്ഷേ അത് നിങ്ങൾക്ക് വ്യക്തമായി തന്നെ ചെയ്യാം—-നിത്യ പറഞ്ഞു. വേർതിരിവുകളെക്കുറിച്ചും അവർ സംസാരിച്ചു. ആരെയെങ്കിലും മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരിൽ വേർതിരിക്കുന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ വേർതിരിവ് എനിക്കൊരിക്കലും കാണാനാകില്ല.—–നിത്യ വ്യക്തമാക്കി.