നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംവിധായക കുപ്പായമണിയാൻ ഒരുങ്ങി മുഹ്സിന്‍ പരാരി. 2015ൽ പുറത്തിറങ്ങിയ കെഎല്‍ 10 പത്ത് ആയിരുന്നു മുഹ്സിന്റെ ആദ്യ ചിത്രം. പിന്നീട് സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ പല മേഖലകളിലും പ്രേക്ഷക പ്രയങ്കരനായെങ്കിലും അടുത്ത സിനിമ എന്ന് എന്ന ചോദ്യം അവശേഷിക്കുകയായിരുന്നു. 2022ൽ പുറത്തിറങ്ങിയ ടോവിനോ നായകനായ ചിത്രം തല്ലുമാലയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കാൻ ഇറങ്ങിയെങ്കിലും പിന്നീട് സംവിധാനക്കുപ്പായം ഖാലിദ് റഹ്മാന് നേരെ നീട്ടുകയായിരുന്നുവെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.
നീണ്ട കാത്തിരിപ്പിനൊടുവിലുള്ള രണ്ടാം വരവിൽ മുഹ്സിന്‍ ചിത്രത്തിൽ ടൊവിനോ തോമസ് ആണ് നായകൻ. ‘തന്ത വൈബ് ഹൈബ്രിഡ്’ എന്ന ചിത്രത്തിന്റെ രസകരമായ പേരും ഇതിനോടകം വൈറലാണ്. നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസായി എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ടൊവിനോ തോമസ് ഉള്ള കൗതുകകരമായ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്‍മെന്‍റ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദ്, വിഷ്ണു വിജയ്, ചമന്‍ ചാക്കോ, മഷര്‍ ഹംസ, റോണക്സ് സേവ്യര്‍, ആഷിഖ് എസ്, വിഷ്ണു ഗോവിന്ദ്, ബിനു പപ്പു, സുധര്‍മന്‍ വള്ളിക്കുന്ന് എന്നിങ്ങനെ ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരുടെ പേരും ടൈറ്റില്‍ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.