Spread the love

ഒരു ദിവസം പലരും തുടങ്ങുന്നത് പലവിധത്തിലാണ്. എഴുന്നേറ്റു കഴിഞ്ഞാൽ പ്രഭാതസവാരിക്ക് പോകുന്നതിനും വ്യായാമത്തിൽ ഏർപ്പെടുന്നതിനും മുൻഗണന നൽകുന്നവരുണ്ട്. ചിലർ അലറം ഓഫ് ചെയ്ത് വീണ്ടും മൂടിപുതച്ച് കിടക്കുന്നു. അത്തരക്കാരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കും. അറിയാം..

സ്‌നൂസിംഗ് അലറം

അലറം അടിക്കുമ്പോഴേ സ്‌നൂസിംഗ് ബട്ടൺ അമർത്തുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ ഇത്തരം സ്വഭാവം വേഗം മാറ്റാൻ ശീലിച്ചോളൂ.. ആദ്യത്തെ അലാറത്തിൽ തന്നെ എഴുന്നേൽക്കാൻ ശീലിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് ഒരു ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ സഹായിക്കുന്നു. വൈകി എഴുന്നേൽക്കുമ്പോൾ സമയം പോയല്ലോ എന്നോർത്ത് പലപ്പോഴും തിടുക്കപ്പെട്ട് ജോലി ചെയ്യുന്നവരും നമുക്കിടയിലുണ്ട്. ഇത്തരക്കാർക്ക് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അതിരാവിലെ എഴുന്നേൽക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കുക.

ഫോൺ നോക്കുന്ന ശീലം

എഴുന്നേറ്റു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഫോണിലേക്കായിരിക്കും. വാട്‌സ്ആപ്പ് സന്ദേശങ്ങളും മറ്റും നോക്കാതെ പലർക്കും ഒരു ദിവസം തുടങ്ങാൻ സാധിക്കില്ല. ഈ ശീലവും സമ്മർദ്ദത്തിന് വഴിയൊരുക്കുന്നു. എഴുന്നേൽക്കുമ്പോൾ പോസിറ്റീവ് ചിന്താഗതിയോടെ എഴുന്നേൽക്കാൻ ശ്രദ്ധിക്കണം.

രാവിലെയുള്ള കാപ്പി കുടി

രാവിലെ ഒരു ബെഡ് കോഫി നിർബന്ധമാണെന്ന് ചിലരെങ്കിലും പറയുന്നത് കേട്ടിരിക്കും. എന്നാൽ മോശപ്പെട്ട ശീലങ്ങളിലൊന്നാണിത്. ഉന്മേഷം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നുവെന്ന് പലരും വിചാരിക്കുന്നു. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന കഫീൻ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്‌ക്കുന്നു. സ്ഥിരമായി കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദ്രോഗത്തിനും, കാൻസറിനും വരെ വഴിയൊരുക്കിയേക്കാം..

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്

തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം വർദ്ധിച്ചു വരികയാണ്. എന്നാൽ ഇത് തെറ്റായ ഒരു പ്രവണതയാണ്. ശരീരത്തിനാവശ്യമായ പോഷകഘടകങ്ങൾ ലഭിക്കുന്നതിനായി പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അസിഡിറ്റി, അൾസർ തുടങ്ങിയവയിലേക്കും ഇത് പിന്നീട് കാൻസറിനും വഴിയൊരുക്കുന്നു.

വ്യായാമമില്ലാത്ത ജീവിതം

വ്യായാമം ചെയ്യാൻ ബഹുഭൂരിപക്ഷം ആളുകൾക്കും മടിയാണ്. എന്നാൽ ജീവിതത്തിലുടനീളം ശീലമാക്കേണ്ട കാര്യങ്ങളിലൊന്നാണ് വ്യായാമം. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വയ്‌ക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. രാവിലെ എഴുന്നേറ്റ് പ്രഭാതസവാരിക്ക് പോകുന്നതും, വർക്കൗട്ടുകൾ ചെയ്യുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഉന്മേഷം നൽകുന്നതിനും സഹായിക്കും.

Leave a Reply