കരുവാരകുണ്ട്: കരുവാരക്കുണ്ടില്‍ വൻ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന പതിനെട്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കോട്ടോപ്പാടം സ്വദേശി കോല്‍ക്കാട്ടില്‍ നൗഷാദിനെ (38)യാണ് വണ്ടൂര്‍ എക്സൈസ് കരുവാരക്കുണ്ട് പുന്നക്കാട് ചുങ്കത്ത് നിന്നു പിടികൂടിയത്.
രഹസ്യ വിവരത്തെത്തുടര്‍ന്നു കാളികാവ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടര്‍ ടി. ഷിജുമോനും സംഘവും, ഉത്തരമേഖല കമ്മീഷണര്‍ സ്ക്വാഡ് അംഗങളും ഐ .ബി.ഇൻസ്പെക്ടര്‍ പി.മുഹമ്മദ് ഷഫീഖും സംഘവും ഇന്നലെ പുലര്‍ച്ചെ കരുവാരക്കുണ്ടില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
ആന്ധ്രയില്‍ നിന്നു മൊത്തമായി കഞ്ചാവ് ലോഡെടുത്ത് പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കും മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍, തുവൂര്‍, കരുവാരക്കുണ്ട് എന്നിവടങ്ങളിലെ വിതരണക്കാര്‍ക്കും എത്തിച്ച് നല്‍കുന്നയാളാണ് നൗഷാദെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായി.
ടയോട്ട അള്‍ട്ടിസ് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ വളരെ സാഹസികമായാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ മഞ്ചേരി ജഐഫ്സിഎം കോടതിയില്‍ ഹാജരാക്കി.