Spread the love

കൊച്ചി: കൊച്ചിയില്‍ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച ഇരുപതുകാരന്‍ പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ പാലത്തിങ്കല്‍ വീട്ടില്‍ ഷഫീറിനെ (20) യാണ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പനമ്പിളളി നഗര്‍ മനോരമ ജംഗ്ഷനിലുളള സ്റ്റേറ്റ് ബാങ്ക് എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്യാബിനുളളില്‍ കടന്ന രണ്ടുപേര്‍ അലാറം ഓഫ് ചെയ്ത് ഗ്യാസ് കട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച്‌ മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബാങ്കിന്റെ മുബൈയിലുളള കണ്‍ട്രോള്‍ റൂമില്‍ കവര്‍ച്ചയുടെ മുന്നറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് ഇവര്‍ കേരള പൊലീസിന് വിവരം കൈമാറി. ഉടന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും പ്രതികള്‍ കടന്ന് കളയുകയായിരുന്നു.

കൗണ്ടറിലെ സി ഡി എം മെഷീനിന്റെ പകുതി തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് എറണാകുളം അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ സംഭവ സമയം തൊപ്പി ധരിച്ചിരുന്നതിനാല്‍ കൗണ്ടറിനുള്ളിലെ സി സി ടി വി ക്യാമറകളില്‍ മുഖം കൃത്യമായി കാണാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് സമീപത്തുളള മുഴുവന്‍ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു. ഇതില്‍ നിന്നും പ്രതികളെ കുറിച്ച്‌ ചെറിയ സൂചന ലഭിക്കുകയായിരുന്നു.

പ്രതികള്‍ മുന്‍പ് ഇതേ എ ടി എം കൗണ്ടര്‍ ഉപയോഗിച്ചതാണ് പൊലീസിന് പിടിവള്ളിയായത്. ഇവര്‍ ഉപയോഗിച്ചിരുന്ന കാര്‍ഡിന്റെ വിവരങ്ങള്‍ ശേഖരിച്ച്‌ ആളുകളെ തിരിച്ചറിയുകയായിരുന്നു പൊലീസ്. മൊബൈല്‍ ലൊക്കേഷനും മറ്റും നിരീക്ഷിച്ച്‌ ഷഫീര്‍ കടവന്ത്ര ഭാഗത്ത് എത്തിയതായി വിവരം ലഭിച്ച എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് എസ് ഐ ദിനേഷ് ബി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രതിക്കെതിരെ മലപ്പുറം പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ വാഹന മോഷണ കേസ് നിലവിലുണ്ട്. സി സി ടി വി ടെക്നീഷ്യന്‍ കോഴ്സ് കഴിഞ്ഞിട്ടുളള ഷഫീര്‍, ആ അറിവ് വച്ചാണ് സുരക്ഷാ അലാറം ഓഫ് ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.

Leave a Reply