മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിക്കാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു പ്രായം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ ചെന്നൈയിൽ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണ് ഉള്ളത്.
സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്.
പ്രതിയായ ഷിബിലിന് 22 വയസാണ് പ്രായം. ഇയാളുടെ പെൺ സുഹൃത്ത് ഫർഹാനയ്ക്ക് 18 വയസാണ് പ്രായം. ഇരുവരും ഇന്നലെ മുതൽ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.
വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയാതായി സൂചന. അട്ടപ്പാടിയിൽ ഒൻപതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ട് പെട്ടികളിലായാണ് മൃതദേഹ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ട്രോളി കണ്ടെത്തിയത് അന്വേഷണത്തിൽ വഴി തിരിവുണ്ടാക്കും.
ഈ മാസം പതിനെട്ടിനാണ് സിദ്ധിക്കിനെ കാണാതാകുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ പറ്റി വിവരങ്ങൾ ലഭിക്കാത്തതിനാൽ കുടുംബം പൊലീസിൽ പരാതി നൽകി. എടിഎം വഴി പണം നഷ്ടമായതായും എല്ലാ ദിവസവും പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നതായും സിദ്ധിക്കിന്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ സിദ്ധിക്കിനെ കാണാതായതോടെ അക്കൗണ്ടിൽ നിന്നും നഷ്ട്ടപെട്ടന്ന മകൻ ഷഹദ് പറഞ്ഞു.
നിരവധി തവണ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് സിദ്ധിഖിന്റെ മക്കളാണ് പിതാവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് നടന്ന പരിശോധനയിലാണ് കൊലപാതകം നടന്നെന്ന വിവരം കണ്ടെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ വിശദമായ പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.