Spread the love
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാ​ഗം പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിച്ചു. പ്രധാന റോഡിന് സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്. അത്യാസന്ന നിലയിലെത്തുന്ന രോഗിയെ, വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് ജീവൻ നിലനിർത്താനുള്ള ചികിത്സ ലഭ്യമാക്കാൻ റെഡ് സോൺ വിഭാഗത്തിലേയ്ക്കാണ് ആദ്യം മാറ്റുക. രോ​ഗി അപകടാവസ്ഥ തരണം ചെയ്ത ശേഷം തുടർന്നുള്ള ചികിത്സയ്ക്ക് യെല്ലോ സോൺ, ഗ്രീൻ സോൺ തുടങ്ങിയ മറ്റ് വിഭാഗങ്ങളിലേയ്ക്ക് മാറ്റും. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷൻ തിയേറ്ററും ഡിജിറ്റൽ എക്സ്റേയും കാഷ്വാലിറ്റി പ്രവർത്തിക്കുന്ന അതേ നിലയിലും അൾട്രാസൗണ്ട് സ്കാനറുകളും ഡോപ്ളർ സംവിധാനവും മൂന്നു സിടി സ്കാനറുകളും എംആർഐ സ്കാനും തൊട്ടു താഴെയുള്ള നിലയിലും സജ്ജീകരിച്ചിട്ടുണ്ട്. സ്ട്രോക്ക് യൂണിറ്റ് കൂടി പൂർത്തിയാകുന്നതോടെ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. 35 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ ചികിത്സാവിഭാഗവും ഉപകരണങ്ങളും സജ്ജീകരിച്ചത്.

Leave a Reply