
തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു. കേന്ദ്ര സർക്കാരിന്‍റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ പാത വരുന്നത്. നാലുവരി ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും ആയിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ആറു ജില്ലകളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ജനവാസം കുറഞ്ഞതും റബർ തോട്ടങ്ങളും വയലുകളും ഉൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്. തിരുവനന്തപുരം-ചെങ്കോട്ട പാതയുടെ തുടക്കത്തിൽനിന്നാണ് പുതിയ പാതയുടെ ആരംഭം. അങ്കമാലിയിലെ പുതിയ കൊച്ചി ബൈപ്പാസിലാണ് പാത അവസാനിക്കുന്നത്. പുതിയ പാതയുടെ പ്രാഥമിക സർവേ നടത്താൻ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കൺസൾട്ടൻസി എന്ന സ്ഥാപനത്തെ നിയോഗിച്ചിരിക്കുന്നത്.