Spread the love

താമരശേരി ∙ വീട്ടിലൊരാൾക്ക് ചെറിയൊരു നെഞ്ചുവേദന വന്നാൽ അതിനെക്കാൾ വേദനയും രക്തസമർദ്ദവും വീട്ടിലെ മറ്റുളളവർക്കായിരിക്കും. താമരശേരി ചുരം കടന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എങ്ങനെയെത്തും എന്നായിരിക്കും ആകുലത. പുറം ജില്ലക്കാർക്ക് വയനാട് ചുരം കയറിയും ഇറങ്ങിയുമുളള യാത്ര ടൂറിസമാണെങ്കിൽ വയനാട്ടുകാർക്ക് ഇപ്പോഴത് പേടിസ്വപ്നമാണ്. ഒരുദിവസം 40,000ത്തിലധികം വാഹനങ്ങളാണ് ചുരം വഴി കടന്നുപോകുന്നത്. ഇത്രയും വാഹനങ്ങളെ താങ്ങാനുളള ശേഷിയൊന്നും ചുരത്തിനില്ല. ചുരത്തിലെ ഗതാഗതക്കുരുക്ക് കടന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്നവരോട് ഡോക്ടർ പറയും ‘സോറി…അൽപ്പം നേരത്തെ എത്തിച്ചിരുന്നെങ്കില്‍ ജീവൻ രക്ഷിക്കാമായിരുന്നു.’ നിലവിൽ അപകടമോ ഗുരുതര അസുഖങ്ങളോ സംഭവിച്ചവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുമ്പോൾ അതിനുളള സൗകര്യമൊരുക്കാൻ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് വയനാട്ടുകാർ ചുരത്തിലെ ഗതാഗതക്കുരുക്കിനെ കടക്കുന്നത്. ഗ്രൂപ്പില്‍ വരുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടുകാർ തന്നെ ഗതാഗതം നിയന്ത്രിച്ച് ആംബുലൻസുകൾക്ക് കടന്നുപോകാനുളള സൗകര്യമൊരുക്കും.

വയനാട്ടിലെ ജനങ്ങളോടുളള അവഗണനയാണ് ചുരത്തിന്റെ കാര്യത്തിൽ അധികാരികൾ പുലർത്തുന്ന അലംഭാവമെന്ന് താമരശേരി വിളയാറച്ചാലിൽ സ്നേഹതീരം റസിഡന്റ്സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കെ.കെ. ബിനീഷ് കുമാർ മനോരമ ഓൺലൈനിനോട് അറിയിച്ചു. ആശുപത്രി കേസുകൾ മാത്രമല്ല ട്രെയിനിലോ വിമാനത്തിലോ കയറണമെങ്കിൽ പോലും വയനാട്ടുകാർക്ക് കോഴിക്കോടെത്തണം. ഗതാഗതക്കുരുക്ക് കാരണം വിദേശയാത്രകൾ പോലും നടക്കാതെപോയ ഒട്ടനവധി പേരുണ്ട്. ഇടുങ്ങിയ പാത, അപകടമുണ്ടാകുമ്പോൾ പിന്നാലെയുളള വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത സ്ഥിതി ഇതെല്ലാമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. മഴ പെയ്യുമ്പോൾ മരം വീഴുന്നതും പാറക്കല്ലുകൾ ഉരുണ്ടുവീഴുന്നതും എല്ലാം ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി ബിനീഷ് കുമാർ അറിയിച്ചു. ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പാറക്കല്ലുകളും മരങ്ങളുമൊക്കെ മാറ്റുന്നത്.

ടൂറിസ്റ്റ് ബസുകളും കെഎസ്ആർടിസി ബസുകളും തമ്മിലുളള മത്സരങ്ങളും അപകടത്തിന് വഴിയൊരുക്കുന്നതായി ബിനീഷ് കുമാർ‌ ചൂണ്ടിക്കാട്ടുന്നു. ടൂറിസ്റ്റ് ബസുകളുടെ ഡീസല്‍ തീരുന്നതാണ് മറ്റൊരു പ്രശ്നം. വാഹനങ്ങൾ നിർത്താൻ പാടില്ലാത്ത മേഖലകളിൽ ഇറങ്ങി ആളുകൾ കാഴ്ച കാണുന്നതും ഗതാഗതക്കുരുക്കിന് സൗകര്യമൊരുക്കും. ചുരം മേഖലയിൽ വീടുകൾ കുറവായതിനാൽ അപകടമുണ്ടായാൽ അറിയാൻ ബുദ്ധിമുട്ടാണ്. പല വാഹനങ്ങളും മരത്തിൽ ഇടിച്ചുനിന്ന് രക്ഷപ്പെടാറുണ്ട്. ചുരം കയറാതെയും വയനാട്ടിലേക്ക് വരാൻ കഴിയുന്ന ജില്ലക്കാരുണ്ട്. എന്നാൽ ചുരം കണ്ടേക്കാമെന്ന ആവേശത്തിൽ ഇവരും ചുരം കയറിയെ വരികയുളളൂ. ചരക്കു കയറ്റി വരുന്ന ലോറികളാണ് മറ്റൊരു പ്രശ്നം. കർണാടകയിൽ നിന്നും ഉത്തരേന്ത്യയിലേക്ക് ചരക്കുകളുമായി പോകുന്ന ലോറികൾക്കൊപ്പം കരിങ്കല്ലുകളുമായി പോകുന്ന ലോറികളും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും ഇത് വയനാടിന്റെ മനുഷ്യാവകാശ പ്രശ്നമായി കാണണമെന്നും ബിനീഷ് കുമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെയും ചുരത്തിൽ കെഎസ്ആർടിസി ബസ് തകരാറിലായതിനെ തുടർന്ന് ആറ് മണിക്കൂറോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇതിനിടെ ആറാം വളവിനടുത്ത് മറ്റൊരു ലോറി തകരാറിലായത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. എട്ടാംവളവ് മുതൽ അടിവാരം വരെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ഇതിനിടെ ലൈൻ തെറ്റിച്ച് വാഹനങ്ങൾ കയറിവന്നതും ഗതാഗതക്കുരുക്കിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. തിങ്കളാഴ്ചയും ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ചുരത്തിൽ വാഹനം തകരാറിലായാൽ നന്നാക്കാൻ താമരശേരിയിൽ നിന്നും മെക്കാനിക്ക് വരണം. ഗതാഗതക്കുരുക്ക് കടന്ന് തകരാറിലായ വാഹനത്തിന്റെ അടുത്ത് മെക്കാനിക്ക് എത്താൻ മണിക്കൂറുകളെടുക്കും.

Leave a Reply