കൊച്ചിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തശിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് (27) എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊച്ചി കലൂരിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവം. ഛർദിച്ച് അവശനിലയിലായി എന്ന് പറഞ്ഞ് കുഞ്ഞിനെ ഇന്നലെ കൊച്ചിയിലെ ഒരു ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തും മുൻപേ കുഞ്ഞ് മരണപ്പെട്ടിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസുദ്യോഗസ്ഥർക്ക് കുഞ്ഞിനെ കൊണ്ടു വന്നവരുടെ മൊഴിയിൽ സംശയം തോന്നിയതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.
ശനിയാഴ്ച രാത്രിയാണ് കുഞ്ഞിൻ്റെ പിതാവിൻ്റെ മാതാവായ സിക്സി നാല് വയസ്സുള്ള ആൺകുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെൺകുഞ്ഞിനുമൊപ്പം ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഈ ഹോട്ടലിൻ്റെ റിസപ്ഷനിലേക്ക് എത്തി കുട്ടി ഛർദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോൾ അനക്കമില്ലെന്നും പരിഭ്രാന്തയായി പറഞ്ഞു.
അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിൻ്റേയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മാതാവ് വിദേശത്താണെന്നാണ് വിവരം. ഹോട്ടൽ മുറിയിൽ കുഞ്ഞിൻ്റെ പിതൃത്വം സംബന്ധിച്ച് വാക്ക്തർക്കമുണ്ടാക്കുകയും ഇതിനിടെ കുഞ്ഞിനെ ഹോട്ടൽ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്നുമാണ് ബിനോയ് ഡിക്രൂസ് പൊലീസിന് നൽകിയ മൊഴി. എന്നാൽ താൻ പുറത്തു പോയ സമയത്താണ് യുവാവ് പെൺകുഞ്ഞിനെ മുക്കി കൊന്നതെന്നാണ് സ്ത്രീയുടെ മൊഴി.