നൈറ്റ് പാർട്ടിയിൽ പങ്കെടുത്തതിന് പ്രതിഫലമായി 35 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിൽ നടി കയാദു ലോഹർ ഇ.ഡി അന്വേഷണം നേരിടുന്നതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ സർക്കാർ മദ്യവിൽപ്പന കമ്പനിയായ ടാസ്‌മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ അന്വേഷണത്തിലാണ് കയദു ഉൾപ്പെട്ടത്. ടാസ്‌മാക് കേസിൽ ഇ.ഡി റെയ്‌ഡിൽ പിടിക്കപ്പെട്ട വ്യക്തികൾ കയാദുവിന്റെ പേര് വെളിപ്പെടുത്തി.
കുറ്റാരോപിതർ നടത്തിയ നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ കയാദു 35ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് കയാദുവിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
2021 ൽ മുഗിൽപേട്ട എന്ന കന്നട സിനിമയിലൂടെ അഭിനയരംഗത്തേക്കു എത്തിയ താരമാണ് കയാദു ലോഹർ. 2022ൽ വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അല്ലൂരി എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ സിനിമയിൽ അഭിനയിച്ചതോടെയാണ് കയാദുലോഹർ അടുത്ത നാഷണൽ ക്രഷ് എന്ന വിശേഷണം നേടുന്നത്. ഇദയം മുരളി, ഇമ്മോർട്ടൽ എന്നീ ചിത്രങ്ങളാണ് തമിഴിൽ ഒരുങ്ങുന്നത്. ചിമ്പുവിന്റെയും രവിതേജയുടെയും നായികയായി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്