ന്യൂഡൽഹി∙ എഴുപത്തിയഞ്ചാം റിപബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ചാം റിപബ്ലിക് ദിനം അഭിമാന മുഹൂർത്തമെന്ന് രാഷ്ട്രപതി. രാജ്യം പുരോഗതിയുടെ പാതയിലാണ്. നമ്മുടെ മൂല്യങ്ങൾ ഓർമിക്കേണ്ട സമയമാണ് ഇതെന്നും രാഷ്ട്രപതി പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും ഇന്ത്യ മുന്നേറി. രാജ്യം പുതിയ ഉയരങ്ങളിലെത്താൻ ഒരോ പൗരനും പ്രയത്നിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.
‘‘നമ്മുടെ ഭരണഘടനയുടെ ആമുഖം ആഘോഷിക്കപ്പെടുന്ന ദിനമാണ് നാളെ. ‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ’ എന്നാണ് ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത്. ജനാധിപത്യം എന്ന മൂല്യത്തെ ഉയർത്തിപ്പിടിക്കുന്നതാണ് നമ്മുടെ ഭരണഘടന. ഇന്ത്യൻ ജനാധിപത്യവ്യവസ്ഥ പാശ്ചാത്യ ജനാധിപത്യ സങ്കൽപ്പത്തേക്കാൾ എത്രയോ പഴക്കം ചെന്നതാണ്. അതിനാലാണ് ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവെന്ന് വിളിക്കുന്നത്. ഇന്ത്യ പുരോഗതയുടെ പാതയിലാണ്. ഇത് പരിവർത്തനത്തിന്റെ സമയമാണ്. രാജ്യത്തെ ഉന്നതിയിൽ എത്തിക്കാൻ ഒരു സുവർണാവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്താൻ ഒരോ പൗരന്റെയും പ്രയത്നം ആവശ്യമാണ്.
ഇന്ത്യ അമൃതകാലത്തിന്റെ പാതയിലാണ് . നിരവധി സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടം കൂടിയാകും ഇത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറും. ഭാവിയിൽ ഒരുപാട് മേഖലകളിൽ ആശങ്കകൾ ഉണ്ടാകാം, അതുപോലെ തന്നെ അവസരങ്ങളും. പ്രത്യേകിച്ച് യുവാക്കൾക്ക്. അവർ പുതിയ പുതിയ വഴികൾ വെട്ടി മുന്നേറുകയാണ്. അവരുടെ പാതയിലെ എല്ലാ തടസ്സങ്ങളും മാറ്റാനായി നമുക്ക് പ്രയത്നിക്കാം. ’’– രാഷ്ട്രപതി അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ചും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു. രാമക്ഷേത്രത്തിന്റെ ഉദേഘാടനം രാജ്യത്തിന്റെ അഭിമാന നിമിഷമായിരുന്നെന്ന് മുർമു അറിയിച്ചു. ‘‘ഈ ആഴ്ച ആദ്യമാണ് അയോധ്യയിൽ പുതിയതായി നിർമിച്ച് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. വിശാലമായ കാഴ്ചപ്പാടിൽ, ഈ ചടങ്ങ് ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ പുനർ പ്രകാശിപ്പിക്കുന്നതിനുള്ള നാഴികക്കല്ലായി ചരിത്രകാരന്മാർ വിലയിരുത്തും. സുപ്രീം കോടതിയുടെ നിർണായക വിധിക്കു പിന്നാലെയാണ് അയോധ്യയിൽ രാമക്ഷേത്രം പണിതത്. ഇത് ജനങ്ങളുടെ വിശ്വാസത്തിന്റെ മാത്രം പ്രതീകമല്ല, മറിച്ച് രാജ്യത്തിന്റെ നിയമസംവിധാനത്തോടുള്ള വിശ്വാസത്തിന്റെ രേഖകൂടിയാണ്.’’– രാഷ്ട്രപതി വ്യക്തമാക്കി.