കഴിഞ്ഞ ഏതാനും ദിവസങ്ങളായി ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയും അന്തരിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയും തമ്മിലുള്ള സംഭാഷണമാണ് ഇത്. ഇവയുടെ ചെറു ക്ലിപ്പിംഗ്സുകളും വൈറലാകുന്നുണ്ട്. ഇതിൽ വിവാഹ ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്
ഡിവോഴ്സ് ചെയ്യാനാകുന്ന ഒരേയൊരു ബന്ധം ഭാര്യാഭർത്തൃ ബന്ധമാണെന്നും ആ ബന്ധത്തിലൂടെയാണ് വലിയ ബന്ധങ്ങളുണ്ടാകുന്നതെന്നും മമ്മൂട്ടി പറയുന്നു. അപ്പോൾ ഭാര്യാഭർത്തൃ ബന്ധമല്ലേ ഏറ്റവും നല്ല ബന്ധമെന്നും അതിനല്ലേ ഉറപ്പ് വേണ്ടതെന്നും മമ്മൂട്ടി ചോദിക്കുന്നുണ്ട്
“ഈ ഭൂമിയിൽ അതിരുകളും ബന്ധങ്ങളും ഒക്കെ ഉണ്ടാകുന്നത് ഒരുപാട് കാലം കഴിഞ്ഞിട്ടാകുമല്ലോ. എനിക്ക് തോന്നുന്നതാണത്. അത് സത്യമാകണമെന്നില്ല. രണ്ട് കർഷകർ. എന്റെ കൃഷി ഞാൻ ചെയ്യും. മറ്റെയാൾ ചെയ്യില്ല. ഇതെന്റെ കൃഷി സ്ഥലം, അത് നിന്റേത്. നീ അവിടെ ചെയ്തോ ഞാൻ അങ്ങോട്ട് വരുന്നില്ല. അങ്ങനെയല്ലേ അതിരുകൾ ഉണ്ടാകുന്നത്. ആ അതിരുകൾ വലുതായി ഗ്രാമങ്ങളായി. ഗ്രാമങ്ങൾ വലുതായി വലുതായി രാജ്യങ്ങളായി. ഇപ്പോൾ രാജ്യാതിർത്തികൾ തമ്മിലാണ് യുദ്ധം നടക്കുന്നത്. അതിരുകളാണ് നമ്മളിൽ വിവേചനം ഉണ്ടാക്കുന്നത്”, എന്ന് മമ്മൂട്ടി പറയുന്നു.
“മനുഷ്യന് ഒരുപാട് അതിരുകളുണ്ട്. സ്ത്രീയും പുരുഷനും തമ്മിലാണ് ആദ്യത്തെ അതിരുണ്ടാകുന്നത്. രണ്ട് ലിംഗത്തിലുള്ളവർ. മനുഷ്യർ ഉണ്ടാകുന്നത് സ്ത്രീ പുരുഷ സംഗമം കൊണ്ടാണ്. ഞാനതിൽ ഒരുപാട് ആലോചിച്ചൊരു കാര്യമുണ്ട്. ഒരു ബന്ധവും ഇല്ലാത്ത രണ്ട് പേർ തമ്മിൽ ചേരുമ്പോഴാണ് ഒരുപാട് ബന്ധങ്ങളുണ്ടാകുന്നത്. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ന് വേണമെങ്കിലും വിച്ഛേദിക്കപ്പെടാം. അതായത് ഡിവോഴ്സ് ചെയ്യാൻ പറ്റുന്ന ഏക ബന്ധം ഭാര്യാഭര്‍തൃ ബന്ധമാണ്. അച്ഛനും മകനും, അമ്മാവനും മരുമോനും തമ്മിൽ വേർപിരിയോ. പക്ഷേ ഈ ബന്ധങ്ങളെല്ലാം ഉണ്ടാകുന്നത് വിച്ഛേദിക്കാവുന്നൊരു ബന്ധം കൊണ്ടാണ്. അമ്മ, അച്ഛൻ, അനിയൻ, ചേട്ടൻ, അമ്മാവൻ, അമ്മായി അങ്ങനെയുള്ള ബന്ധങ്ങളുണ്ടാകുന്നത്. ഈ ബന്ധങ്ങളൊന്നും മാറി പോകില്ല. പക്ഷേ ഭാര്യയും ഭർത്താവും തമ്മിൽ പിരിയാം. അപ്പോൾ ഭാര്യാഭര്‍തൃ ബന്ധമല്ലേ ഏറ്റവും നല്ല ബന്ധം. അതിനല്ലേ ഏറ്റവും ഉറപ്പ് വേണ്ടത്. പിരിക്കാതിരിക്കാൻ പറ്റണം”, എന്നും നടൻ കൂട്ടിച്ചേർത്തു.