കഷ്ടപ്പാടുകളിലൂടെയും തന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന് ഒടുക്കം മലയാള സിനിമയുടെ തന്നെ അഭിമാന മുഖങ്ങളിൽ ഒരാളായി മാറിയ താരമാണ് സലിം കുമാര്‍. ചെറിയ വേഷങ്ങളിലൂടെ മലയാളി മനസിലേക്ക് കയറി വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച്, സീരിയസ് വേഷങ്ങളിലൂടെ തന്നിലെ അഭിനയ പ്രതിഭയെ കാഴ്ച വെച്ച അതുല്യ പ്രതിഭ.
മിമിക്രിയിലൂടെ വെള്ളിത്തിരയിലെത്തി കുഞ്ഞു വേഷങ്ങൾ ചെയ്തു തുടങ്ങിയതാണെങ്കിലും പിന്നീട് കോമഡിയിൽ കസറിയും സ്വഭാവനടനായും നായകനായുമൊക്കെ തിളങ്ങിയ ചരിത്രമാണ് സലിം കുമാർ എന്ന നടൻ. വലിയ അയ്യപ്പഭക്തനായിരുന്ന താരം അന്ധവിശ്വാസിയായി മാറിയ കഥ കേട്ടിട്ടുണ്ടോ? ഇപ്പോഴിതാ 18 വർഷത്തോളം മല ചവിട്ടിയ തന്നെ അവിശ്വാസിയാക്കി മാറ്റിയത് സാക്ഷാൽ അയ്യപ്പൻ തന്നെയാണെന്ന് പറയുകയാണ് താരം. തന്റെ അനുഭവത്തിൽ നിന്നാണ് താൻ യുക്തിവാദി ആയത്. 18 വർഷത്തോളം ശബരിമല ദർശനം നടത്തിയ തനിക്ക് ദൈവമില്ലെന്ന് കാണിച്ചുതന്നത് അതേ അയ്യപ്പൻ തന്നെയാണ്.
ഒരിക്കൽ ശബരിമല ദർശനം നടത്തവെ തൊഴുതതിനു ശേഷം മുകളിലോട്ട് നോക്കിയപ്പോഴാണ് അവിടെ തത്വമസി എന്ന് എഴുതിവച്ചത് കണ്ടത്. തത്വമസി എന്നുവച്ചാൽ ‘അത് നീയാകുന്നു’ എന്നാണ്. അത് ഞാൻ ആണെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ഇവിടെ വരുന്നത്. എങ്ങും പോകേണ്ട കാര്യമില്ലല്ലോ. ഞാനാണ് ഈശ്വരൻ എന്നാണ് പറയുന്നത്. നമുക്ക് സങ്കടം പറയാൻ ദൈവം തന്നെ വേണമെന്നില്ലല്ലോ? നിങ്ങൾ നിങ്ങളുടെ കൂട്ടാളികളോട് പറയുക, നിങ്ങളുടെ സുഹൃത്തുക്കളോട് പറയുക. ഇന്നേവരെ എന്റെ കാര്യമൊന്നും നടത്തിത്തന്നിട്ടില്ല. ദൈവങ്ങൾ ഒരുപാട് പൈസ വാങ്ങിച്ചിട്ടുണ്ട്. എന്ത് പ്രാർത്ഥിച്ചാലും ഇന്നേവരെ ഒന്നും നടന്നിട്ടില്ല’- സലീം കുമാർ പറഞ്ഞു