മാഡ്രിഡ്∙ ഹെലികോപ്റ്ററുമായി യുക്രെയിനിലേക്ക് കടന്ന റഷ്യൻ പൈലറ്റിനെ സ്പെയിനില്‍ വെടിയേറ്റു മരിച്ചനിലയിൽ. മാക്സിം കസ്മിനോവ് (28) എന്ന പൈലറ്റാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച തെക്കൻ സ്പെയിനിലെ വില്ലാജൊയോസ പട്ടണത്തിലെ ഒരു ഭൂഗർഭ ഗ്യാരേജിലാണു ശരീരം നിറയെ വെടിയുണ്ടകൾ തറച്ചനിലയിൽ മാക്സിം കസ്മിനോവിന്റെ മൃതദേഹം ലഭിച്ചത്. യുക്രെയിൻ ഇന്റലിജൻസ് മരണവാർത്ത സ്ഥിരീകരിച്ചെങ്കിലും കാരണം വ്യക്തമായിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യൻ എയർബേസിലേക്കു പോകേണ്ടിയിരുന്ന എംഐ–8 ഹെലികോപ്റ്ററുമായി മാക്സിം യുക്രെയിനിൽ എത്തിയത്. നിലവില്‍ മറ്റൊരു പേരില്‍ യുക്രെയിൻ പാസ്പോർട്ടുമായി ഇയാൾ സ്പെയിനിൽ ജീവിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിനു ഇയാൾക്കെതിരെ റഷ്യയിൽ ക്രിമിനൽ കേസുണ്ടായിരുന്നു. രണ്ട് പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നാണ് സംഭവം ആദ്യം റിപ്പോർട്ടു ചെയ്ത സ്പെയിനിലെ ലാ ഇൻഫർമേഷൻ ദിനപത്രം അറിയിച്ചു.