Spread the love

മലപ്പുറം: കോട്ടക്കൽ ചങ്കുവെട്ടിയിലെ ഹോട്ടലിൽ കുടുംബ സമേതം ഭക്ഷണം കഴിക്കാനെത്തിയയാൾ പാർക്ക് ചെയ്യാൻ ഏൽപ്പിച്ച കാറുമായി ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ കടന്നുകളഞ്ഞു. വള്ളിക്കുന്ന് സ്വദേശി മുനീബ് (29) ആണ് കാറുമായി മുങ്ങിയത്. ഇയാളെ പിന്നീട് കോഴിക്കോട് ചെമ്മങ്ങാട് പോലീസ് പിടികൂടി.

സയിദ് സഫ്വാൻ ജ്യേഷ്ഠന്റെ വിവാഹത്തിന് വസ്ത്രങ്ങൾ എടുത്ത ശേഷം കുടുംബ സമേതം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയതായിരുന്നു. കാർ പാർക്ക് ചെയ്യാൻ താക്കോൽ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് നൽകി. ഭക്ഷണം കഴിച്ച് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കാർ കണ്ടില്ല. സി സി ടി വി പരിശോധിച്ചപ്പോൾ കാർ മുനീബ് കൊണ്ടു പോയതായി മനസ്സിലായി.

കോട്ടക്കൽ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിവരം കൈമാറിയതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലും പരിശോധന കർശനമാക്കി. അമിത വേഗത്തിൽ കോഴിക്കോട് വന്ന കാർ ചെമ്മങ്ങാട് പോലീസിന്റെ കണ്ണിൽ പെട്ടു. വെട്ടിച്ചു പോയ കാറിനെ പിന്തുടർന്ന് പരപ്പിൽ ജംക്ഷനിൽ വെച്ചു പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടക്കൽ പൊലീസിന് കൈമാറി.

Leave a Reply