വളാഞ്ചേരിയിൽ മൂന്നാക്കൽ എം ആർ അപ്പാർട്ട്മെൻറിൽ നിന്നും കാണാതായ ഏഴു വയസുകാരനെ കണ്ടെത്തി. കൊടുങ്ങല്ലൂരിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയൽവാസി ഷിനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വളാഞ്ചേരി മൂന്നാക്കൽ എം ആർ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന അഫീല-നവാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഹർഹാനെ കാണാതായത്. ഫ്ലാറ്റിനുള്ളിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ പെട്ടന്ന് കാണാതാകുകയായിരുന്നു വെന്നാണ് പൊലീസിന് ലഭിച്ച പരാതി.
അപ്പാർട്ട്മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇവരുടെ അയൽവാസിയായ പത്തൊമ്പത് വയസുകാരൻ ഷിനാസിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കിയിരുന്നു.
കുട്ടിയെ കാണാതായ ദിവസം ഇയാൾ ഇവിടെ എത്തിയിരുന്നതായാണ് അപ്പാർട്ട്മെന്റിലെ താമസക്കാർ പൊലീസിന് നൽകിയ മൊഴി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്