Spread the love
കാറിൽ ചാരി നിന്ന ആറു വയസുകാരനെ മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു, ഒടുവിൽ അറസ്റ്റ്

കണ്ണൂർ തലശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരനെ മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസിന് വീഴ്ച്ചയുണ്ടേൽ നടപടിക്ക് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ചെയർമാൻ കെ.വി.മനോജ് കുമാർ പറഞ്ഞു.

വളരെ ​ഗൗരവത്തിലെടുക്കേണ്ട പ്രശ്നമാണിത്. ഇത്തരം മനോഭാവങ്ങളുള്ള ആളുകൾ നമ്മുടെ സമൂഹത്തിലുണ്ടെന്ന കാര്യം നാം തിരിച്ചറിയണം. പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ് കുട്ടികളെ സംരക്ഷിക്കുക എന്ന തിരിച്ചറിവിലേക്ക് കൂടി നാം എത്തണം. പൊതുജനങ്ങൾ ഈ വിഷയത്തിൽ നടത്തിയ ഇടപെടൽ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വമേധയാ ബാലവകാശ കമ്മീഷൻ എടുത്ത കേസിൽ തലശേരി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും പറഞ്ഞിട്ടുണ്ട്.

ഒടുവിൽ അറസ്റ്റ്

കണ്ണൂർ തലശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരനെ മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെയാണ് (22) ജാമ്യമില്ലാക്കുറ്റങ്ങൾ ചുമത്തി തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മർദനമേറ്റത്. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. ഇതിനിടയിൽ കാറിൽ തൊട്ട ശേഷം കുട്ടി കാറിൽ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്.

ഇത് നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും അത് ​ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. തുടർന്ന് വാഹനം തടഞ്ഞിട്ട നാട്ടുകാർ ദൃശ്യങ്ങൾ സഹിതം പൊലീസിനെ സമീപിച്ചു. പൊലീസ് ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങൾ തിരിക്കിയെങ്കിലും ഇന്നലെ കേസെടുക്കാതെ അദ്ദേഹത്തെ മടക്കി അയച്ചു. ഇന്ന് രാവിലെ ഹാജരാകാനും നിർദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് രാവിലെ തന്നെ ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Leave a Reply