മോഹൻലാല്‍ നായകനായി എത്തിയ തുടരും കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ്. സംവിധാനം നിര്‍വഹിച്ചത് തരുണ്‍ മൂര്‍ത്തിയാണ്. എന്നാല്‍ പല സംവിധായകരും ആ കഥയിലൂടെ കടന്നുപോയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് രജപുത്ര രഞ്ജിത്ത്. കെ ആര്‍ സുനിലിന്റെ സുഹൃത്തായ ഗോകുല്‍ ദാസ് സംവിധാനം ചെയ്യുന്ന രീതിയിലായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ മോഹൻലാലെന്ന നടനെവെച്ച് ഈ സിനിമ ചെയ്യാൻ ധൈര്യമില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു.
മലയാളത്തിലെ പ്രശസ്‍തരായ പല സംവിധായകരും, ഹിറ്റ് മേക്കേഴ്‍സ് വന്നു പോയി. അവരില്‍ പലര്‍ക്കും പല കാര്യങ്ങളുമായി പൊരുത്തപ്പെടാൻ പറ്റിയില്ല. കഥയിലെ ചില മാറ്റങ്ങള്‍ നമുക്കും ഉള്‍ക്കൊള്ളാൻ പറ്റുന്നില്ല. ചില ഇമോഷൻ എന്റെ മനസില്‍ ആദ്യം കയറിക്കൂടിയതാണ്. അത് ഒഴിവാക്കാൻ ഞാൻ സമ്മതിക്കില്ല. പിന്നീടാണ് തരുണിനെ ഞങ്ങള്‍ സമീപിക്കുന്നത്. ചേട്ടാ ഇതിനകത്ത് ഒരു കഥയുണ്ട്, ഇത് നമുക്ക് ഒക്കെയാണ് എന്ന് തരുണ്‍ പറഞ്ഞു. പിന്നീട് തരുണും കെ ആര്‍ സുനിലും ചര്‍ച്ച ചെയ്‍താണ് ഇന്ന് കാണുന്ന തുടരും എന്ന സിനിമ ഉണ്ടായതെന്നും പറയുന്നു രജപുത്ര രഞ്ജിത്ത്
കെ ആര്‍ സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്
തുടരും-ന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തുന്നു. സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‍നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിനറേജ് എന്നൊരു സജഷൻസ് ഉണ്ടായി. എന്നാല്‍ മോഹൻലാല്‍ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള്‍ പറയുന്നതു പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും പറയുന്നു തരുണ്‍ മൂര്‍ത്തി.
അതേസമയം വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് റിലീസിനു മുന്നേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.