
കൊച്ചി∙ എറണാകുളം ഗവ. മെഡിക്കൽ കോളജ് ക്യാംപസിൽ അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചു വിറ്റ ജീവനക്കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളജിലെ ഡ്രൈവറായ ബിജു മാത്യുവാണു കളമശേരി പൊലീസിന്റെ പിടിയിലായത്. കൂടുതൽ കന്നുകാലികളെ പ്രതി ഇത്തരത്തിൽ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടർന്നു പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി കന്റീനിനു സമീപം പശുവിനെ കച്ചവടക്കാർക്കു കൈമാറുന്നതിനിടെയാണു പൊലീസ് പിടിയിലായത്. ഇത്തരത്തിൽ കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികൾ മുൻപു പൊലീസിനു ലഭിച്ചിരുന്നു. ക്യാംപസിനുള്ളിൽ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്തു പാട്ടിലാക്കിയ ശേഷം കച്ചവടക്കാർക്കു വിൽക്കുന്നതായിരുന്നു പ്രതിയുടെ രീതി.
വളരെ കുറഞ്ഞ വിലയ്ക്കാണു കന്നുകാലികളെ വിറ്റിരുന്നതെന്നാണു വിവരം. പശുക്കൾക്കു പുറമേ പോത്തുകളെയും എരുമകളെയുമെല്ലാം മെഡിക്കൽ കോളജ് പരിസരത്തുനിന്നു കാണാതായതായി നേരത്തെ പരാതിയുണ്ട്.
കന്നുകാലി ശല്യത്തെപ്പറ്റി പരാതിയുയർന്നപ്പോൾ ഇത് അവസാനിപ്പിക്കാൻ അധികൃതർ പലവട്ടം ശ്രമം നടത്തിയിട്ടും വിജയിച്ചിരുന്നില്ല. മെഡിക്കൽ കോളജിൽ തന്നെയുള്ള ചില ജീവനക്കാരാണു കന്നുകാലി ഉടമകൾക്കു വേണ്ട ഒത്താശ ചെയ്തു കൊടുക്കുന്നതെന്നും ആരോപണമുയർന്നിരുന്നു. പൊലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുമെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.