Spread the love

ഉരുളെത്തി ഒരു നാടിനെയൊന്നാകെ തുടച്ചുനീക്കുന്ന താരതമ്യപ്പെടുത്താൻ പെടുത്താൻ പോലും മുൻസാഹചര്യങ്ങളില്ലാത്ത മഹാ ദുരന്തം അരങ്ങേറുന്നു. അടുത്തത് എന്തൊക്കെ ചെയ്യാം ? ഉറ്റവരേയും ഉടയവരെയും നഷ്ടപ്പെട്ടവരെ എങ്ങനെ ആശ്വസിപ്പിക്കാം? ഇനിയും കാണാമറയത്തുള്ളവരെ എങ്ങനെ കണ്ടുപിടിക്കും എന്നു തുടങ്ങി കേരളക്കരയെ ആകെ നിസ്സഹായാവസ്ഥയിലാക്കിയ സംഭവങ്ങളാണ് മുണ്ടക്കൈയിലും ചൂരൽമലയിലുമായി നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും തളരാതെ ഉറ്റവർക്കായി ശേഷിച്ചവർ തിരയുന്നു, ഇവരിൽ ചിലരുടെയും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ നഷ്ടമാവുന്നതാണ് മറ്റൊരു വേദന. സ്വന്തം ജീവന്‍ പോലും മറന്ന് ഇത്തരത്തിൽ ആളുകളെ രക്ഷപ്പെടുത്താനായി ജീപ്പുമായി മല കയറുന്നതിനിടെയാണ് മുണ്ടക്കൈ സ്വദേശിയായ പ്രജീഷ് എന്ന യുവാവിനെ മണ്ണും വെള്ളവും കൊണ്ടുപോയത്. ഈ വേദനയാണ് കുറിപ്പായി സുഹൃത്ത് ജംഷീദ് ഫേസ്ബുക്കില്‍ കുറിച്ചത്.

ജംഷീദ് പള്ളിപ്രം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

സൂപ്പർ ഹീറോ സിനിമകൾ കാണുന്നവരാണ് നമ്മൾ. സ്പൈഡർ മാനും ബാറ്റ് മാനും സൂപ്പർമാനും അടക്കം കണ്ടവർ. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ അവരെത്തും. ആ പ്രദേശത്തെ മനുഷ്യരെ രക്ഷിക്കും. മുണ്ടകൈയിൽ അങ്ങനെ ഒരു സൂപ്പർ മാനുണ്ട്. പേര് പ്രജീഷ്. ഉരുൾ പൊട്ടലുണ്ടായ ആദ്യ നിമിഷം തന്നെ ആളുകളെ രക്ഷിക്കാൻ പ്രജീഷ് ജീപ്പുമായി ഇറങ്ങി. നിരവധി ആളുകളെ രക്ഷിച്ചു.

ആദ്യ രണ്ടു തവണ മലകയറി വന്നു. ആളുകളെ സുരക്ഷിത സ്ഥലത്താക്കി. പിന്നെയും ആളുകൾ മലയുടെ മുകളിൽ സഹായം കാത്തു പരിഭ്രമിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവരെ അവിടെ തനിച്ചാക്കി മനസമാധനത്തോടെ ഉറങ്ങാൻ ചിലപ്പോൾ പ്രജീഷിന് ആവില്ലായിരിക്കാം.

രക്ഷാപ്രവർത്തനത്തിനായി മൂന്നാമതും മലയുടെ മുകളിൽ പോകുമ്പോൾ സുഹൃത്തുകൾ തടഞ്ഞു. സുഹൃത്തുക്കളോട് അയാൾ പറഞ്ഞു: ” മലയുടെ മുകളിൽ നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട് വാസുവേട്ടാ. എന്നെ തടയരുത്. ഞാന്‍ എന്തായാലും പോകും. ” പ്രജീഷ് പിന്നെയും ജീപ്പുമായി മലകയറി. ആളുകളെ ജീപ്പിൽ കയറ്റി. ചൂരൽമല പാലത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല. തിരിച്ചുവരുമ്പോൾ ആ ജീപ്പടക്കം മണ്ണും വെള്ളവും കൊണ്ടുപോയി. അയാൾ ഈ ലോകത്ത് നിന്നും വിട പറഞ്ഞു.

അയാളുടെ വേഷം സൂപ്പർ ഹീറോയിടെതായിരുന്നില്ല. അയാൾക്ക് അസാമാന്യ കഴിവുകളുണ്ടായിരുന്നില്ല. ചില മനുഷ്യർ അങ്ങനെയാണ്. ദുരിത പ്രദേശങ്ങളിൽ അവർ അവതരിക്കും. അവരുടെ ജീവനേക്കാൾ അപരന്റെ ജീവന് വില നൽകും. അങ്ങനെ അവർ ഹീറോ ആയി മാറും.

Leave a Reply