ഉറുമ്പുകൾക്ക് ഒരു ക്ഷേത്രം…
ഉറുമ്പുകളെ ആരാധിക്കുന്ന അമ്പലം. അതും വിളക്ക് കത്തിച്ച് സാധാരണ ദൈവങ്ങളെ ആരാധിക്കും പോലെ. ഇത് ഒരു കഥയോ, കള്ളമോ അല്ല. സത്യത്തില്‍ ഇവിടെ ആരാധിക്കുന്നത് ഉറുമ്പുകളെയാണ്. ‘ശ്രീ ഉറുമ്പച്ചന്‍ കോട്ടം’ എന്ന് വിളിക്കുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലാണ്. തറിയുടേയും, തിറയുടെയും നാടായ നമ്മുടെ സ്വന്തം കണ്ണൂരില്‍. ഉറുമ്പച്ചന്‍ കോട്ടം എന്ന പേര് എല്ലാവരേയും വിസ്മയിപ്പിക്കുമ്പോഴും, ഇവിടുത്തെ ആരാധനയെ പറ്റി അറിയുമ്പോള്‍ പലരും അത്ഭുതപ്പെടുകയാണ്.
ഉറുമ്പച്ചന്‍ കോട്ടം സ്ഥിതിചെയ്യുന്നത് കണ്ണൂരുകാര്‍ക്ക് സുപരിചിതമായ തോട്ടടയാണ്. പക്ഷെ പലര്‍ക്കും ഈ ക്ഷേത്രത്തെ പറ്റി അറിയില്ല എന്നതാണ് സത്യം. കണ്ണൂർ തീവണ്ടി നിലയത്തിൽ നിന്ന് കണ്ണൂർ – തലശ്ശേരി ഹൈവേയിലൂടെ 8 കി. മീ. സഞ്ചരിച്ചാൽ തോട്ടടയിലെത്തിച്ചേരാം.
അവിടുന്ന് കിഴുന്നപാറ റോഡിലൂടെ കുറച്ച് നടന്നാല്‍ കുറ്റിക്കം എന്ന ഗ്രാമത്തിലെത്താം. ഇവിടെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉദയമംഗലം ഗണപതി ക്ഷേത്രത്തിന്റെ ആരൂട സ്ഥാനമാണ് ഈ ക്ഷേത്രം.
ക്ഷേത്രം എന്നുപറയുമ്പോള്‍ വലിയ നാലുകെട്ടിനുള്ളില്‍, ശ്രീകോവിലും, വിളക്കുമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇവിടെ അതില്‍ നിന്നും വ്യത്യാസമാണ്. ക്ഷേത്രം എന്നു പറഞ്ഞാല്‍ വൃത്താകൃതിയിലുള്ള ഒരു തറ, അതുമാത്രമാണ് ഉറുമ്പച്ചന്‍ കോട്ടത്തിന് സ്വന്തമായി ഉള്ളത്. എന്നാലും ദിവസവും ഇവിടെ വിളക്ക് വെയ്ക്കാറുണ്ട്. വീട്ടില്‍ ഉറുമ്പ് ശല്യം നേരിടുന്നവര്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കും. ഫലം കാണുമെന്നാണ് വിശ്വാസം.
നൂറ്റാണ്ടുകൾക്കുമുമ്പ് ഗണപതി ക്ഷേത്രം പണിയാൻ ഇവിടെ കുറ്റിയടിച്ചിരുന്നു. പിറ്റേന്നു നോക്കിയപ്പോൾ കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിൻ കൂട് കാണുകയും. കുറ്റി കുറച്ചു ദൂരെ മാറി കാണുകയും ചെയ്തു. കുറ്റി കണ്ടെത്തിയ പുതിയ സ്ഥലത്ത് ഗണപതി ക്ഷേത്രം പണിയുകയും ആദ്യം കുറ്റി വച്ചിടത്ത് തറ അൽപ്പം ഉയർത്തിക്കെട്ടി ഉറുമ്പിന് പൂജ തുടങ്ങുകയും ചെയ്തു. ഉയർത്തിക്കെട്ടിയ ഈ തറയാണ് ഉറുമ്പച്ചൻ കോട്ടം എന്ന പേരിൽ അറിയപ്പെടുന്നത്.
ഉദയമംഗലംക്ഷേത്രത്തിൽ പൂജനടക്കുമ്പോൾ എല്ലാ മാസവും ആദ്യം നിവേദ്യം നൽകുന്നത് ഉറുമ്പുകൾക്കാണ്. ഇവ്വിടെ പൂജ ചെയ്ത ശേഷമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത്. സുബ്രഹ്മണ്യന്റെ ചൈതന്യം ഇവിടെ ഉണ്ടെന്ന വിശ്വാസത്തിൽ ദിവസവും വിളക്കു വെക്കുന്നുണ്ട്. വിശ്വാസികൾ കൊണ്ടു വരുന്ന നാളികേരം ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്. ഇങ്ങനെ ചെയ്താൽ ഉറുമ്പിൻ ശല്യം ഉണ്ടാകില്ല എന്നാണ് വിശ്വാസം.
വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നു.