Spread the love

സീതത്തോട് : ഗവി റൂട്ടിൽ വഴി തടഞ്ഞു കാട്ടാനക്കൂട്ടം. വഴി മാറാൻ വെടിയുതിർത്തു വനപാലകർ. കാട്ടാനകളുടെ വഴി തടയൽ തുടർ സംഭവമാകുന്നു. രണ്ടാഴ്ചയായി മൂഴിയാർ പെൻ സ്റ്റോക്ക് ക്രോസിങ് മുതൽ ആനത്തോട് വരെയുള്ള ഭാഗത്തു മൂന്നംഗ ‘കാട്ടാനസംഘം’ ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം ഉറപ്പാണ്. ചില ദിവസങ്ങളിൽ വാഹനങ്ങളുടെ മുന്നിൽ നിന്ന് ഇവ മാറുന്നത് ഏറെ സമയം കഴിഞ്ഞാണ്. മിക്കപ്പോഴും കെഎസ്ആർടിസി ബസുകളെയാണ് ആനക്കൂട്ടം വഴിയിൽ തടയുന്നത്.വീണ്ടും അങ്ങനൊരു സംഭവത്തിനു ശനിയാഴ്ച രാത്രി കുമളി ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ജീവനക്കാരും സഞ്ചാരികളും സാക്ഷ്യം വഹിച്ചു.

കുമളിയിൽ നിന്നു പത്തനംതിട്ടയിലേക്കു വരും വഴി ആനത്തോട് അണക്കെട്ടിനു സമീപം കുമളി ഡിപ്പോയിലെ ബസ് രാവിലെ തകരാറിലായിരുന്നു. ഇവയുടെ തകരാർ പരിഹരിച്ചു വൈകുന്നേരത്തോടെ കുമളിയിലേക്കു മടങ്ങാൻ തുടങ്ങുമ്പോൾ ഐസി ടണൽ പഴയ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം വച്ച് പത്തിലധികം വരുന്ന കാട്ടാനക്കൂട്ടം ബസും റിക്കവറി വാനും തടയുകയായിരുന്നു.ഇവർക്കൊപ്പം മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു.

സന്ധ്യ സമയം വരെ കാത്തു കിടന്നിട്ടും കാട്ടാനകൾ വാഹനങ്ങളുടെ മുന്നിൽ നിന്നു മാറാൻ തയ്യാറാകാഞ്ഞതോടെ ബസ് ജീവനക്കാർ വനം വകുപ്പിന്റെ സഹായം തേടി. വിവരം അറിഞ്ഞയുടൻ പച്ചക്കാനത്തു നിന്നു പെരിയാർ കടുവ സങ്കേതം കിഴക്ക് ഡിവിഷനിലെ ഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് എത്തി.

Leave a Reply