Spread the love

മൂന്നാർ : ലയങ്ങൾക്ക് സമീപമിറങ്ങിയ കടുവ തൊഴിലാളികൾ നോക്കിനിൽക്കെ പശുവിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചു. കണ്ണൻദേവൻ കമ്പനി കന്നിമല എസ്റ്റേറ്റിൽ ലോവർ ഡിവിഷനിൽ ദേവകി അയ്യാദുരൈയുടെ രണ്ടു വയസ്സുള്ള പശുവിനെയാണ് കടുവ ആക്രമിച്ച് പരുക്കേൽപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറരയ്ക്കാണ് കടുവ ജനവാസ മേഖലയിലിറങ്ങിയത്. രാവിലെ എസ്റ്റേറ്റിൽ മേയാനായി അഴിച്ചുവിട്ട പശു മടങ്ങിയെത്തി ദേവകിയുടെ വീടിനു സമീപം കിടക്കുന്നതിനിടയിലാണ് കടുവയെത്തിയത്. പശുവിന്റെ ബഹളം കേട്ട് വീടുകളിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിയെത്തിയെങ്കിലും കടുവയെ കണ്ടതോടെ വീടിനുള്ളിൽ കയറി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് മറ്റ് വീടുകളിലുണ്ടായിരുന്ന കൂടുതൽ തൊഴിലാളികളെത്തി ബഹളം വച്ചാണ് കടുവയെ ഓടിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി പശുവിന് വൈദ്യസഹായം നൽകി.

മുൻ പഞ്ചായത്തംഗമായിരുന്ന ദേവകിയുടെ, ദിവസവും 20 ലീറ്റർ വീതം പാലു ലഭിച്ചിരുന്ന രണ്ടു പശുക്കളെ കടുവ രണ്ടു മാസം മുൻപ് കൊന്നു തിന്നിരുന്നു. കന്നിമല ലോവർ, ടോപ് ഡിവിഷനുകളിൽ കഴിഞ്ഞ ഒരു വർഷമായി കടുവയുടെ ആക്രമണം പതിവായിരിക്കുകയാണ്. 12 പശുക്കളെയാണ് രണ്ടു ഡിവിഷനുകളിലുമായി കടുവ കൊന്നു തിന്നത്. ജനവാസ മേഖലയിൽ കടുവയിറങ്ങിയതോടെ ഭീതിയിലായിരിക്കുകയാണ് കന്നിമലയിലെ തോട്ടം തൊഴിലാളി കുടുംബങ്ങൾ.

Leave a Reply