
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒന്നിൽ കുറയാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൊണ്ടുവരുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ അതിന്റെ സാധ്യതകൾക്കനുസരിച്ച് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ സർക്കാർ നടപ്പിലാക്കി വരികയാണെന്നും അതിന്റെ ഭാഗമായാണ് തീർത്ഥാടന ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകിവരുന്നതെന്നും മന്ത്രി പറഞ്ഞു. തീർത്ഥാടനത്തിന് കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് താമസസൗകര്യം ഏർപ്പെടുത്തുന്നതിനായി തീർത്ഥാടന കേന്ദ്രങ്ങൾക്കടുത്തുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയും, ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. ഇതിലൂടെ ഒരുമാസത്തിനുള്ളിൽ 27.5 ലക്ഷം രൂപ വരുമാനം നേടാൻ കഴിഞ്ഞത് ജനങ്ങൾ ഇത് ഏറ്റെടുത്തുകഴിഞ്ഞു എന്നതിന് തെളിവാണ് എന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കേന്ദ്രീകരിച്ച് 12 ജീവനക്കാരുടെ ഒരു ടീമിനെ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുമായി നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തിൽ എല്ലാ സാധ്യതകളും ഉപയോഗിച്ച് മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പും സർക്കാരും ശ്രമിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.