
ഗൂഡല്ലൂർ : ഊട്ടി – കോത്തഗിരി റോഡിലെ തട്ടപള്ളം ഭാഗത്ത് കാട്ടാന കാർ തകർത്തു. ഊട്ടിയിയിലേക്കു പുറപ്പെട്ട ടാക്സി കാറാണ് ബുധനാഴ്ച ആക്രമിച്ചത്. ഊട്ടിയിലെ യാത്രക്കാരെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വിട്ട ശേഷം തിരികെ ഊട്ടിയിലേക്ക് മടങ്ങുമ്പോഴാണ് ഒറ്റകൊമ്പന്റെ ആക്രമണം. ആക്രമണത്തിൽ കാർ പൂർണമായും തകർന്നു.
കാട്ടാനയുടെ ആക്രമണമുണ്ടായപ്പോൾ തന്നെ ഡ്രൈവർ ഇറങ്ങി രക്ഷപ്പെട്ടു. പിന്നാലെ വന്ന ലോറിക്കാർ ബഹളമുണ്ടാക്കിയപ്പോഴാണു കാട്ടാന മാറിയത്. ആന കാർ തകർത്തതോടെ ഈ റോഡിൽ ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ഊട്ടിയിൽ നിന്നുള്ള പ്രധാന പാതയാണിത്. മേട്ടുപ്പാളയം- കൂനൂർ ദേശീയ പാതയിലായിരുന്നു നേരത്തെ കാട്ടാനകളുടെ ആക്രമണം ഉണ്ടായിരുന്നത്.





