Spread the love

96 വയസ്സുള്ള തന്റെ അമ്മയെ മക്കളും ഭർത്താവും ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച്‌അമ്മയെ ശുശ്രൂഷിക്കാൻ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയ നടി ലൗലി ബാബുവിന്റെ വാർത്ത വലിയ ചർച്ചയായിരുന്നു. പ്രായമാകുമ്പോൾ മക്കൾക്ക് മാതാപിതാക്കൾ ഒരു ബാധ്യത ആകുന്നതും വൈകാതെ ഇറക്കിവിടുന്നതും ഉപേക്ഷിക്കുന്നതും അഗതിമന്ദിരങ്ങളിലേക്ക് മാറ്റുന്നതും അവഗണിക്കുന്നതുമെല്ലാം പതിവ് കാഴ്ചയായ സമൂഹത്തിൽ സ്വന്തം അമ്മയെ പരിചരിക്കാനായി കുടുംബത്തെ ഉപേക്ഷിച്ച് ഗാന്ധിഭവനിലേക്ക് മാറിയ ലൗലിയെ പ്രശംസിച്ച് നിരവധിപേർ എത്തിയിരുന്നു. എന്നാൽ കാര്യങ്ങൾ അവതാളത്തിലാക്കുന്ന തരത്തിൽ അമ്മയെ ശകാരിക്കുകയും അസഭ്യവർഷം ചൊരിയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ലൗലിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.

ഇക്കഴിഞ്ഞ ദിവസം ഗാന്ധി ഭവനിൽ നടന്ന പരിപാടിയിൽ നടൻ കൊല്ലം തുളസി ലൗലിയെ കുറിച്ചും സ്വന്തം ഭർത്താവിനെയും മക്കളെയും പോലും ഉപേക്ഷിച്ച് അമ്മയെ നോക്കാനെത്തിയതിനെ കുറിച്ചും വാചാലനായതോടെയായിരുന്നു ലൗലിയുടെ കഥ പൊതുജനം ഏറ്റെടുത്തത്. പിന്നാലെ 96 വയസ്സുള്ള അമ്മയെ സ്നേഹപൂർവം പരിചരിക്കുന്ന ലൗലിയുടെ വിഡിയോയും വൈറലായിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയ വിചാരണയ്ക്ക് എടുക്കുന്ന രീതിയിലാണ് പുറത്തുവന്ന പുതിയ വീഡിയോ. അമ്മയെ ‘എടീ’ എന്നും ‘നീ’ എന്നും അതീവ രോഷത്തോടെ വിളിച്ച് ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ലൗലിയെ ആണ് വിഡിയോയിൽ കാണാനാവുക. ആരാണ് വിഡിയോ പകർത്തിയതെന്നും എവിടെ വച്ചു നടന്ന സംഭവമാണെന്നോ വ്യക്തമല്ല. ‘ആൽഫ ഒമേഗ ഷാഡോ’ എന്ന യുട്യൂബ് പേജാണ് വിവാദ വിഡിയോ പുറത്തുവിട്ടത്.‘നിങ്ങളുടെ വീട്ടിൽ ഒരു വ്യക്തി ഇങ്ങനെ പെരുമാറിയാൽ നിങ്ങളെന്തു ചെയ്യും’ എന്ന ചോദ്യത്തോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം പുറത്തുവന്ന വിഡിയോയെ തള്ളിയും ലൗലിയെ ന്യായീകരിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. ‘പലരിൽ നിന്നുള്ള മാനസികസംഘർഷം മൂലം അറിയാതെ ചെയ്തു പോയതാകും’ എന്ന് നടിയെ പിന്തുണച്ച് ചിലർ പറയുന്നു. ‘ലൗലിയെ കുറ്റം പറയാൻ പറ്റില്ല, ചിലപ്പോൾ ഒരു നിമിഷനേരത്തെ നിയന്ത്രണം വിട്ടുപോയതാവാം. അതിന് പ്രായശ്ചിത്തമായി കുടുംബം ഉപേക്ഷിച്ച് കൂടെ നിൽക്കുന്നുണ്ടല്ലോ,’ എന്നും മുൻപ് നൽകിയ അഭിമുഖങ്ങളിൽ മാനസികമായി തകർന്നു പോയ അവസ്ഥയിൽ അമ്മയെ ഉപദ്രവിക്കേണ്ടി വന്നിട്ടുണ്ട് എന്ന് ലൗലി തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും മറ്റു ചിലർ ചൂണ്ടി’കാട്ടുന്നു.
അതേസമയം ലൗലിയെ രൂക്ഷമായി വിമര്ശിക്കുന്നവരും കുറവല്ല.

Leave a Reply