Spread the love

പെരുമ്പിലാവ് ∙ ഒതളൂർ ഭാഗത്തു നിന്നു വെള്ളം പമ്പു ചെയ്യുന്നതുമൂലം കടവല്ലൂർ ഹൈവേയോടു ചേർന്ന ചീരംകുറ്റിഞാൽ, വെളിയം തുടങ്ങിയ പാടശേഖരങ്ങളിലെ കൊയ്ത്തിനു പാകമായ നെൽവയലിൽ വെള്ളക്കെട്ട്. യന്ത്രം ഇറക്കാൻ സാധിക്കാത്തതിനാൽ കൊയ്ത്ത് നീളുകയാണെന്നു കർഷകർ പറഞ്ഞു. കൃഷിവകുപ്പിനു പരാതി നൽകി. കടവല്ലൂരിൽ ലേറ്റ് മുണ്ടകൻ കൃഷി നടത്തുന്ന പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനാണ് പമ്പിങ് ആരംഭിച്ചത്. ഒതളൂർ ബണ്ടിന്റെ ഷട്ടർ അടച്ച് ഈ വെള്ളം തോട്ടിൽ ശേഖരിച്ചതാണു ബുദ്ധിമുട്ടായത്.

വെള്ളം ചെറു തോടുകളിലൂടെ ഒഴുകി വിളഞ്ഞു നിൽക്കുന്ന പാടശേഖരങ്ങളിൽ എത്തുകയായിരുന്നു. നടീൽ ആരംഭിച്ച ചില ഭാഗങ്ങളിലും വെള്ളക്കെട്ട് പ്രശ്നം ഉണ്ടാക്കുന്നുണ്ട്. തോട്ടിൽ വെള്ളം സംഭരിച്ചില്ലെങ്കിൽ കടവല്ലൂരിലെയും വേമ്പൻപടവിലെയും കൃഷിക്ക് വേനലിൽ ജലസേചനത്തിനു വെള്ളം മതിയാകാതെ വരും. സംഭരിച്ച വെള്ളം വിളഞ്ഞ പാടങ്ങളിലേക്ക് എത്താതെ നോക്കുകയാണ് വേണ്ടതെന്നു കർഷകർ അറിയിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒതളൂർ ബണ്ടിന്റെ 3 ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ട്.

Leave a Reply