Spread the love

സത്യൻ അന്തിക്കാട് സിനിമകൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. കൊല്ലും കൊലയ്ക്കും പ്രതികാരത്തിനുമപ്പുറം സാധാരണ മനുഷ്യരെയും അവരുടെ വിചാര-വികാരങ്ങളെയും ജീവിക്കുന്ന പശ്ചാത്തലങ്ങളെയും ദൃശ്യഭംഗിയോടെ വെള്ളിത്തിരയിൽ എത്തിക്കും അദ്ദേഹം. ‘എന്നാൽ അതൊക്കെ പണ്ടല്ലേ! ഇപ്പോഴത്തെ സംവിധായകർക്ക് എന്തറിയാം?’ ഇങ്ങനെ ആരെങ്കിലും ചോദിച്ചാൽ ഉത്തരമായി കൊടുക്കാനുള്ള മരുന്നുമായി ഒരുപറ്റം ചെറുപ്പക്കാർ വരുന്നുണ്ട്.

സംഗതി ഒരു വെബ് സീരിസാണ്. സംഗതി സീരിയസുമാണ്. പതിവ് വെബ്സീരീസ് തട്ടിക്കൂട്ട് പരിപാടികളോ വെറുപ്പിക്കലുകളോ ഇല്ല. പേര് ‘രുഗ്മിണി സ്വയംവരം’. ഇതിലിപ്പോ എവിടെയാ സത്യൻ അന്തിക്കാടിനു കാര്യം എന്നാണെങ്കിൽ ഉത്തരമിതാണ്. സത്യൻ അന്തിക്കാട് ചിത്രങ്ങൾ മലയാളികൾ കുറെ കണ്ടതുമാണ്, ഇന്നും മടുപ്പ് തട്ടാതെ കൂടെ കൂടെ മിനി സ്‌ക്രീനിൽ എത്തുമ്പോൾ ഓടി പോയിരുന്നു കാണുന്നതുമാണ്. എന്നാൽ അതേ മൂഡിൽ ഒരു വെബ് സീരീസ് പെടച്ചാൽ എങ്ങനെയിരിക്കും. ആലോചിച്ചാൽ തന്നെ മനസിന്‌ ഒരു കുളിർമയും സന്തോഷവുമില്ലേ. സംഭവം വെറൈറ്റി ആണെന്ന് മാത്രമല്ല സീരിസിന്റെ ആദ്യ ഭാഗം വൻ പ്രേക്ഷക ഏറ്റെടുപ്പും പ്രശംസയും ഇതിനോടകം നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ സീരിസിന്റെ രണ്ടാം ഭാഗവുമായി വരികയാണ് അണിയറക്കാർ.

ഒന്നാം ഭാഗം പോലെ തന്നെ പ്രണയമാണ് തുടർച്ചയിലും കഥാതന്തു. എന്നാൽ ഇന്നത്തെ ഡേറ്റിംഗ്-ചീറ്റിംഗ് പ്രേമവുമല്ല പത്തുപേരെ അടിച്ചിട്ട് കലിപ്പ് തീർക്കുന്ന നായകനുമല്ല. ‘അല്ലേലേ നിഷ്കളങ്കൻ, പോരാത്തതിന് അസ്ഥിക്ക് പിടിച്ച പ്രേമവും’ എന്നതാണ് നായകന്റെ സ്ഥിതി. എന്നു കരുതി സ്റ്റണ്ടും കുറവല്ല സീരിസിൽ. ആദ്യ ഭാഗത്തിലെ സിനിമ സ്റ്റൈലിനെ വെല്ലുന്ന ആക്ഷൻ കൊറിയോഗ്രാഫിയായ ‘ശങ്കര ജയ ഭഗവാൻ’ ഇപ്പോഴും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സൂപ്പർ ഹിറ്റ്‌ ആണ്. ഒരു കഥകളി പഥം ചടുലമായ ആക്ഷൻ സീനുകൾക്ക് പിന്നിൽ സംഗീതമായി വന്നത് വലിയ കൗതുകം ആയിരുന്നു. ചിലപ്പോൾ സിനിമയിൽ പോലും ഇങ്ങനെയൊരു കാര്യം ഇതുവരെയും അവതരിപ്പിക്കപെട്ടിട്ടില്ല. കഥകളിയിലെ ദക്ഷയാഗം വീരഭദ്ര വധമാണ് സീരീസിലെ മാസ്സ് ആക്ഷൻ സീനുകൾക്ക് പിന്നിൽ ഉപയോഗിച്ചിരിക്കുന്നത്. കലയെ റീമിക്സ് ചെയ്തു വികൃതമാക്കപ്പെടുന്ന കാലഘട്ടത്തിൽ വേറിട്ടൊരു കാഴ്ച തന്നെയാണ് രുഗ്മിണി സ്വയംവരം ആദ്യഭാഗത്തിലെ ഫൈറ്റ് സീക്വൻസുകൾ. ‘ഇതേതു സിനിമ?’, ‘വെബ് സീരിസിലും ഇത്ര കിടിലം ഇടിയോ’ എന്ന് ചോദിച്ചവർക്കുള്ള ഉറപ്പു നൽകൽ കൂടിയാണ് രണ്ടാം ഭാഗം എന്നാണ് അണിയറക്കാരുടെ വാഗ്ദാനം.ആക്ഷന് വലിയ പ്രാധാന്യം നൽകുന്ന രണ്ടാം ഭാഗത്തിൽ പ്രേക്ഷകർക്ക് വേറെയുമുണ്ട് സർപ്രൈസുകൾ.

‘ശങ്കര ജയ ഭഗവാൻ ‘ ആക്ഷൻ സീക്വൻസുകൾ കാണാം..

പ്രണയത്തിനായി ഏതറ്റം വരെയും കൈവിട്ട പോക്ക് പോകുന്ന ഒരു അലസനാണ് നായകൻ എങ്കിലും കഥകളി വരെ പ്രണയിനിക്കായ് ടിയാൻ പഠിക്കുന്നുണ്ട്. എന്തായാലും വിഷ്വൽ ട്രീറ്റ് തന്നെയാണ് അണിയറ പ്രവർത്തകർ രണ്ടാം ഭാഗത്തിലും ഉറപ്പു തരുന്നത് എന്നാണ് ടീസർ പറയുന്നത്.

ടീസർ കാണാം..

മൂവിഗാങ് പ്രൊഡക്ഷൻ നിർമിക്കുന്ന സീരീസ് സംവിധാനം ചെയ്യുന്നത് എച്ച് കെ ഷാഹുൽ ആണ്. വിബിൻ ബാലചന്ദ്രൻ ആണ് രചന. ക്യാമറ റോഷിത്ത് രവീന്ദ്രൻ. രാജു മണ്ണൂരും കെ. ബി അരുൺ ബാബുവും ചേർന്നാണ് സംഗീതം. ബാക്ക്ഗ്രൗണ്ട് മ്യൂസിക് വിജീഷ് ചാത്തന്നൂരും നിർവഹിക്കുന്നു. സുരേഷ്, ജയരാജ്‌, ബാബുരാജ് എന്നിവരാണ് പ്രൊഡക്ഷൻ കണ്ട്രോളഴ്സ്. മേക്കപ്പ് അസ്ന അസീസും, ഫൈറ്റ് കൊറിയോഗ്രാഫി അനൂപ് ശശിധരും നിർവഹിക്കുന്നു.

സീരിസിന്റെ ആദ്യ ഭാഗം കാണാം..

Leave a Reply