ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ കല്ല്യാണ പന്തലിലേക്ക് ദമ്പതികള്‍ എത്തിയത് ചെമ്പില്‍ കയറി. അപ്പര്‍ കുട്ടനാട് മേഖലയിലെ ഐശ്വര്യയ്ക്കും ആകാശിനും മുഹൂർത്തം തെറ്റാതെ താലി വാഹിതരാവാനായി ചെമ്പില്‍ കയറേണ്ടി വന്നു. തലവടി പനയൂന്നൂർക്കാവ് ക്ഷേത്രമായിരുന്നു ആകാശിൻ്റെയും ഐശ്വര്യയുടെയും വിവാഹവേദി. അപ്രതീക്ഷിതമായി പെയ്ത മഴയിൽ ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശമാകെ വെള്ളത്തിൽ മുങ്ങി.
അടുത്ത ബന്ധുക്കളെ സാക്ഷിയാക്കി ഇരുവരും താലി ചാർത്തി. കല്ല്യാണത്തിനായി ചെമ്പിനകത്ത് കയറി വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും വധു ഐശ്വര്യ ചിരിയോടെ പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു തകഴി സ്വദേശി ആകാശിന്‍റേയും അമ്പലപ്പുഴ സ്വദേശി ഐശ്വര്യയുടെയും വിവാഹം. ഇരുവരും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ ജീവനക്കാരാണ്.