പാലക്കാട് തീപ്പൊള്ളലേറ്റ രണ്ടുപേരും മരിച്ചു. ഇരുവര്‍ക്കും 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ധന്യ, ബാലസുബ്രഹ്മണ്യന്‍ എന്നിവരാണ് മരിച്ചത്. കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിനായില്ല. ബാലസുബ്രഹ്മണ്യനും ധന്യയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് ബാലസുബ്രഹ്മണ്യന്റെ വീട്ടുകാര്‍ പറയുന്നത്. ആദ്യം രണ്ട് വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് ധന്യയ്ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്തിത്തരാമെന്ന് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. സ്വമേധയാ തന്നെയാണ് പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. ട്യൂഷനുണ്ടെന്ന് കള്ളം പറഞ്ഞാണ് പെണ്‍കുട്ടി പുറത്തിറങ്ങിയത്. ഇരുവരും ചേര്‍ന്ന് ആത്മഹത്യ ചെയ്തതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.
പിറന്നാളാണെന്ന് പറഞ്ഞാണ് ബാലസുബ്രഹ്മണ്യമെന്ന യുവാവ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പെണ്‍കുട്ടി മുറിയിലെത്തിയ ശേഷം ഉടന്‍ ഇയാള്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ അമ്മയും അനുജത്തിയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും നിലവിളിച്ച് മുറിയ്ക്ക് പുറത്തേക്ക് വരുന്നത് കണ്ട അമ്മയും അനിയത്തിയും നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. യുവാവിന്റെ കൃത്യത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.