കോഴിക്കോട് : നിർമാണ സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് കെട്ടിട നിർമാണ സാമഗ്രികൾ വിലകുറച്ചു നൽകാമെന്നു പരസ്യപ്പെടുത്തി പ്രമുഖ സ്ഥാപനത്തിൽ നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശി നിറവ് ബി.ഷാബിനെ (29) ആണ് സൈബർ പൊലീസ് ഇൻസ്പെക്ടർ ദിനേശൻ കോറോത്തിന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലെ ബോറിവ‌്‌ലിയിൽ നിന്നു പിടികൂടിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലെ കെട്ടിടനിർമാണ സ്ഥാപനമാണ് വലയിൽ വീണത്. സാമഗ്രികൾ വിലകുറച്ചു നൽകാമെന്ന് യുവാവ് അറിയിച്ചതോടെ സ്ഥാപനം മുൻകൂറായി 10 ലക്ഷം രൂപ നൽകി. സാധനം ലഭിക്കാതിരുന്നതോടെ സൈബർ പൊലീസിനു പരാതി നൽകുകയായിരുന്നു.