എരമംഗലം : ഹോട്ടലിനുള്ളിൽ യുവാവിനെ മർദിച്ച കേസിൽ 2 പേരെ കൂടി പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി ഇർഫാനെ എരമംഗലത്തെ ഹോട്ടലിനുള്ളിൽ മർദിച്ച കേസിലാണ് വെളിയങ്കോട് മീനന്തോട്ടിൽ ഷിഹാബുദ്ദീൻ (29), കൊച്ചി വൈപ്പിൻ തെക്കൻ മാലിപ്പുറം മാനേരി ഫൈസൽ (39) എന്നിവരെ എസ്ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 23ന് രാത്രി എരമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഹോട്ടലിലാണ് ഇർഫാന് നേരെ ആക്രമണം ഉണ്ടാകുന്നത്. തലയ്ക്കും കാലിനും ഗുരുതരമായ പരുക്കേറ്റ് ഇർഫാൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഗൂഢാലോചനയിൽ നേരിട്ടു പങ്കെടുത്ത പുതുപൊന്നാനി സ്വദേശി അഫ്നാസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷിഹാബുദ്ദീനെയും ഫൈസലിനെയും എറണാകുളം ഞാറയ്ക്കലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 6 പേരാണ് ആക്രമണത്തിന് പിന്നിലെന്നും മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.