
പട്ടിക്കാട്: പള്ളിക്കുത്ത് പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷം. ബൈക്ക് യാത്രികനായ യുവാവിന് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. പള്ളിക്കുത്ത് ചക്കപ്പത്ത് വീട്ടില്‍ ഷെമീറി (22) നെയാണ് തുടര്‍ച്ചയായി രണ്ട് തവണ നായ്ക്കള്‍ ആക്രമിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കരുവമ്പാറ- പള്ളിപടി റോഡില്‍ തെരുവു നായ്ക്കള്‍ ആക്രമിച്ചത്.
ഒരാഴ്ച മുമ്പുണ്ടായ ആക്രമണത്തില്‍ സമീപത്തെ വയലിലേക്ക് ചാടിയാണ് രക്ഷപെട്ടത്. കൈവിരലിന് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ നടക്കുന്നതിനിടെ ശനിയാഴ്ച രാത്രി വീണ്ടും ആക്രമണത്തിന് ഇരയായി. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേല്‍ക്കുകയും കൈക്ക് കടിയേല്‍ക്കുകയും ചെയ്തു. കൂടാതെ കുറുക്കന്മാരുടെ ശല്യം ഉള്ളതായും നാട്ടുകാര്‍ പറഞ്ഞു. തെരുവുനായ് ശല്യത്തിന് നടപടി ആവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ വെട്ടത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.