Spread the love
ചുരത്തിൽ പാറക്കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

അടിവാരം: വയനാട് ചുരത്തില്‍ ആറാം വളവില്‍ ഓടിക്കൊണ്ടിരുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി അഭിനവ് ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം നടന്നത്. വയനാട്ടിലേക്ക് ഉല്ലാസ യാത്രക്ക് പുറപ്പെട്ട ആറംഗ സംഘത്തിലെ ഒരു ബെെക്കില്‍ പാറ ഉരുണ്ട് വന്ന് പതിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കെെവരിതകര്‍ത്ത് ബെെക്കും യുവാക്കളും താഴേക്ക് പതിക്കുകയായിരുന്നു.

വനത്തില്‍ പൊട്ടിവീണ മരം പതിച്ചതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ട് വന്നതാണെന്നാണ് നിഗമനം. പരിക്കേറ്റവര്‍ക്ക് ഈങ്ങാപ്പുഴ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സാരമായി പരിക്കേറ്റ അഭിനവ് മരണപ്പെടുകയായിരുന്നു.

Leave a Reply