കല്ലേറ്റുംകര : ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ അന്വേഷിച്ച് ട്രാക്കിലൂടെ നടന്ന യുവാക്കളിലൊരാൾ ട്രെയിൻ തട്ടി മരിച്ചു. കാസർകോട് ചേങ്കള തായൽ ഹൗസിൽ മുഹമ്മദ് തായലിന്റെയും ഹസീനയുടെയും മകൻ അബ്ദുൽ ബാസിത് (21) ആണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെ ആറേകാലോടെ ആളൂർ ഇടയിൽ ചങ്ങല ഗേറ്റിനു സമീപത്തായിരുന്നു അപകടം.
ഇവർ കൊച്ചിയിൽ വെള്ളിയാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയതായിരുന്നു. ശനി വൈകിട്ട് നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിൽ ഇതിലൊരാളുടെ മൊബൈൽ ഫോൺ പുറത്തേക്കുവീണു. ഇവർ തൃശൂരിൽ ഇറങ്ങി തിരികെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ എത്തിയശേഷം ഫോൺ തിരഞ്ഞു കല്ലേറ്റുംകര ഭാഗത്തേക്കു ട്രാക്കിലൂടെ നടക്കുമ്പോഴായിരുന്നു ദുരന്തം. ഇരു ട്രാക്കുകളിലും ഒരേ സമയം ട്രെയിൻ വന്നതോടെ നാലുപേർ ട്രാക്കിൽ നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും ഇവരിൽനിന്ന് ഏതാണ്ട് 50 മീറ്റർ പിന്നിലായിരുന്ന ബാസിതിനു മാറാനായില്ല.