കോഴിക്കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് മൊഴി. പ്രതി ആഖില്‍ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപഗ്രവിച്ചെന്നാണ് റഷ്യന്‍ യുവതി പൊലീസിനോട് പറഞ്ഞത്. ആഖില്‍ ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കാറുണ്ട്. തന്റെ ഫോണും പാസ്‌പോര്‍ട്ടും ആഖില്‍ നശിപ്പിച്ചു. റഷ്യയിലേക്ക് മടങ്ങിപ്പോകുന്നത് തടയാന്‍ തടങ്കലിലാക്കിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
ഇരുമ്പ് കമ്പി കൊണ്ടുള്ള നിരന്തര മര്‍ദനത്തെത്തുടര്‍ന്ന് തന്റെ കൈമുട്ടിനും കാല്‍മുട്ടിനും പരുക്കേറ്റതായി യുവതി പൊലീസിനെ അറിയിച്ചു. ആഖില്‍ ലഹരിയ്ക്ക് അടിമയാണ്. പാസ്‌പോര്‍ട്ട് തന്റെ കണ്‍മുന്നില്‍ വച്ച് വലിച്ചുകീറി കളഞ്ഞെന്നും റഷ്യന്‍ യുവതി പൊലീസിനോട് വെളിപ്പെടുത്തി. താത്കാലിക പാസ്‌പോര്‍ട്ട് അനുവദിച്ച് യുവതിയെ നാട്ടിലേക്ക് മടക്കി അടയ്ക്കാനുള്ള നീക്കങ്ങള്‍ അധികൃതര്‍ നടത്തിവരികയാണ്.
ആഖിലിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ ഇയാളിൽ നിന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു. റഷ്യന്‍ യുവതിയും ആണ്‍സുഹൃത്തും കൂരാച്ചുണ്ടില്‍ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ആഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.