ചിറ്റൂർ : ജോലിക്കു പോകുകയായിരുന്ന യുവതിയെ അടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം മാണിക്കത്ത്കളം ഉദയന്റെ മകൾ ഊർമിള (32) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് കൊഴിഞ്ഞാമ്പാറ പുത്തൻപാത ഗാന്ധിനഗർ ജി.സജീഷിനെ (കുട്ടൻ – 37) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 7 മണിയോടെ കമ്പിളിച്ചുങ്കത്തായിരുന്നു സംഭവം.
വാളയാറിലെ സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ ഊർമിള കമ്പനിയിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതി ഊർമിളയെ കാത്തു വഴിയരികിൽ നിന്നു. ഊർമിള അടുത്തെത്തിയതോടെ പേപ്പറിൽ പൊതിഞ്ഞു കൊണ്ടുവന്ന ഇരുമ്പു വടി (ലിവർ) ഉപയോഗിച്ചു തലയ്ക്കടിക്കുകയായിരുന്നു. സമീപത്തെ വയലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഊർമിളയെ പിന്തുടർന്നെത്തിയ സജീവ് നെൽപാടത്തിട്ടു ക്രൂരമായി മർദിച്ച ശേഷം കടന്നുകളഞ്ഞു. വഴിയാത്രക്കാരാണു പരുക്കേറ്റ നിലയിൽ ഊർമിളയെ കണ്ടത്. ഉടൻ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സജീഷിനെ കൊഴിഞ്ഞാമ്പാറയിലെ വീടിനു സമീപത്തുവച്ചു പൊലീസ് പിടികൂടി. തലയ്ക്കേറ്റ മർദനമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഊർമിളയുടെ രണ്ടാം ഭർത്താവാണു സജീഷ്. ഇരുവരും കുടുംബവഴക്കിനെ തുടർന്ന് അകന്നു കഴിയുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ മേയ് 18ന് ഊർമിളയുടെ വീട്ടിലെത്തിയ സജീഷ് കത്തി കൊണ്ടു വെട്ടി പരുക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന സജീഷ് 3 മാസം മുൻപാണു പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു.