Spread the love

കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്ക് പലകയില്‍ തട്ടിവീണ് ഗുരുതര പരുക്ക്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് ചെലവന്നൂര്‍ സ്വദേശിനി ബിന്ദുവിന് പരുക്കേറ്റത്. കയ്യിന്റെ ചലനശേഷി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ബിന്ദുവിന്റെ കുടുംബമിപ്പോൾ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ബിന്ദു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നല്‍കി.

പവിലിയനില്‍ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയില്‍ തെന്നിവീണാണ് ബിന്ദുവിന്റെ കയ്യില്‍ രണ്ട് ഒടിവുണ്ടായത്. പവിലിയനില്‍ വെള്ളം കെട്ടി ചെളി നിറഞ്ഞു കിടക്കുന്നതിനാല്‍, ഷോ കാണാന്‍ എത്തുന്നവര്‍ക്കു നടക്കാനാണ് പവിലിയനിലാകെ പ്ലൈവുഡ് നിരത്തിയത്. അതേസമയം ഫ്‌ളവര്‍ ഷോ നടക്കുന്നിടത്ത് ഫസ്റ്റ് എയ്ഡ് സംവിധാനം പോലും ഇല്ലായിരുന്നെന്നു കുടുംബം ആരോപിക്കുന്നു.

എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്മെന്റ് അതോറിറ്റിയും (ജിസിഡിഎ) ചേര്‍ന്നാണ് എറണാകുളം മറൈന്‍ ഡ്രൈവില്‍ കൊച്ചിന്‍ ഫ്‌ലവര്‍ ഷോ-2025 സംഘടിപ്പിച്ചത്. ഒരാഴ്ചയായി നടക്കുന്ന, ഇന്ന് അവസാനിക്കേണ്ടിയിരുന്ന പരിപാടി ഉമ തോമസിന്റെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കൊച്ചി കോര്‍പറേഷന്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്‌ലവര്‍ ഷോ നിര്‍ത്തി.

Leave a Reply